Police re-examines Tharoor’s driver, chemist in Sunanda Pushkar’s death

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ മരണത്തെ കുറിച്ചുള്ള പുതിയ റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ ശശി തരൂരിനെ നുണപരിശോധനക്ക് വിധേയനാക്കാന്‍ ഡല്‍ഹി പൊലീസ് നീക്കം തുടങ്ങി. അതിനായി പൊലീസ് ഉടന്‍ കോടതിയെ സമീപിച്ചേക്കും. സുനന്ദയെ കേരളത്തില്‍ ചികിത്സിച്ച ഡോക്ടര്‍മാരില്‍ നിന്നും പൊലീസ് മൊഴിയെടുക്കും.

സുനന്ദ പുഷ്‌കറിന്റെ മരണം വിഷം അകത്തുചെന്നാണെന്നും, ആല്‍പ്രാക്‌സ് പോലുള്ള മരുന്ന് അധികം കഴിച്ചതുകൊണ്ടാകാം മരണം സംഭവിച്ചതെന്നും അമേരിക്കന്‍ കുറ്റാന്വേഷണ ഏജന്‍സിയായ എഫ്.ബി.ഐ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ആ റിപ്പോര്‍ട്ടിന്റെയും എഫ്.ബി.ഐ റിപ്പോര്‍ട്ട് പരിശോധിച്ച് ശേഷം എയിംസ് ഫോറന്‍സിക് വിഭാഗം തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തിലാണ് ഡല്‍ഹി പൊലീസ് ശശി തരൂരിനെ നുണപരിശോധനക്ക് വിധേയനാക്കാന്‍ ആലോചിക്കുന്നത്.

സുനന്ദപുഷ്‌കറിന്റെ ശരീരത്തില്‍ ഇന്‍സുലിന്‍ പോലുള്ള ഇഞ്ചക്ഷന്‍ ഉപയോഗിച്ചതിന്റെ പാടുകളുണ്ടെന്നും മരണത്തിന്റെ തലേദിവസങ്ങളില്‍ സുനന്ദ ഇന്‍സുലിന്‍ പോലുള്ള ഇഞ്ചക്ഷന്‍ സമീപത്തെ മെഡിക്കല്‍ ഷോപ്പുകളില്‍ നിന്നോ, ക്ലിനിക്കുകളില്‍ നിന്നോ വാങ്ങിയിട്ടുണ്ടോ പരിശോധിക്കണമെന്ന് എയിംസ് റിപ്പോര്‍ട്ടില്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നു. അതനുസരിച്ച് പൊലീസ് കഴിഞ്ഞ ദിവസം ലോധി റോഡിലെ മെഡിക്കല്‍ ഷാപ്പുകളില്‍ പരിശോധന നടത്തിയിരുന്നു.

സംശയാസ്പദമായ ഒരു സാഹചര്യങ്ങളാണ് നിലനില്‍ക്കുന്നതുകൊണ്ടാണ് തരൂരിനെ നുണപരിശോധനക്ക് വിധേയനാക്കേണ്ടിവരുന്നതെന്ന് പൊലീസ് അറിയിച്ചു.

Top