ഉള്ളതില്‍ താമസിക്കാന്‍ ആളില്ല, കേന്ദ്രഫണ്ട് വകമാറ്റി പൊലീസിന് പുതിയ വില്ലകള്‍

തിരുവനന്തപുരം: നിലവിലെ വില്ലകളില്‍ താമസിക്കാന്‍ തന്നെ ആളില്ലാത്ത സാഹചര്യത്തില്‍ കേന്ദ്ര ഫണ്ട് വകമാറ്റി ഡിജിപിക്കും എഡിജിപിമാര്‍ക്കും വില്ലകള്‍ നിര്‍മിക്കുന്നു. പൊലീസ് ആസ്ഥാനത്തിനു പിന്നില്‍ ഡിജിപി, എഡിജിപി റാങ്കിലുള്ളവര്‍ക്കു താമസിക്കാനുള്ള 4 ഫ്‌ലാറ്റും വഴുതക്കാട്ട് 4 വലിയ ഫ്‌ലാറ്റുകളുമുണ്ട്. എന്നാല്‍, ഡിജിപി ഋഷിരാജ് സിങ്ങും എഡിജിപി ടോമിന്‍ തച്ചങ്കരിയും മാത്രമാണ് ഇവയില്‍ താമസിക്കുന്നത്. മറ്റു പലരും സ്വന്തം വീടുകളിലാണു താമസം.

35,000 രൂപയാണു എഡിജിപിമാരുടെ പ്രതിമാസ വീട്ടുവാടക അലവന്‍സ്. ഔദ്യോഗിക വസതിയില്‍ താമസിച്ചാല്‍ ഇതു ലഭിക്കില്ല. അതാണു പലരും ക്വാര്‍ട്ടേഴ്‌സ് വേണ്ടെന്നു വച്ചത്. പകരം ജൂനിയര്‍ ഐപിഎസ് ഉദ്യോഗസ്ഥരാണ് ഈ ഫ്‌ലാറ്റുകളില്‍. ഈ അവസരത്തിലാണ് എസ്‌ഐമാര്‍ക്കു ക്വാര്‍ട്ടേഴ്‌സ് നിര്‍മിക്കാന്‍ കേന്ദ്രം നല്‍കിയ 2.81 കോടി രൂപ വിനിയോഗിച്ചു ഡിജിപിക്കും 4 എഡിജിപിമാര്‍ക്കും വില്ലകള്‍ നിര്‍മിച്ചത്. വഴുതക്കാട്ട് 3 ഏക്കറോളം വരുന്ന കണ്ണായ സ്ഥലത്ത് പൊലീസുകാര്‍ക്കായി നിര്‍മിച്ച 83 പഴയ ക്വാര്‍ട്ടേഴ്‌സുകളുണ്ട് നിലവില്‍.

2006 ല്‍ പൊലീസ് അക്കാദമിയില്‍ കീഴുദ്യോഗസ്ഥര്‍ക്കു ക്വാട്ടേഴ്‌സ് നിര്‍മിക്കാന്‍ നല്‍കിയ പണം വകമാറ്റി ഉന്നത ഉദ്യോഗസ്ഥര്‍ക്കു ക്വാര്‍ട്ടേഴ്‌സ് നിര്‍മിച്ചിരുന്നു. അന്നത്തെ സിഎജി റിപ്പോര്‍ട്ടില്‍ ഇക്കാര്യം പരാമര്‍ശിച്ചു, ഡിജിപിയെ നിയമസഭയുടെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി താക്കീതു ചെയ്തു. അതേ ക്രമക്കേട് ആവര്‍ത്തിച്ചതു നിയമസഭയോടും സിഎജിയോടുമുള്ള അനാദരവും കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങളുടെ ലംഘനവുമാണെന്നു പുതിയ സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു.

Top