പോസ്റ്റൽ ബാലറ്റ് ക്രമക്കേട് ; പൊലീസുകാരനെ സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം: പൊലീസ് പോസ്റ്റല്‍ വോട്ട് അട്ടിമറിയില്‍ പൊലീസുകാരനെതിരെ നടപടി. ഐ ആര്‍ ബറ്റാലിയനിലെ പൊലീസുകാരനായ വൈശാഖിനെതിരെ ജനപ്രാതിനിധ്യ നിയമം 136 വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ഇയാളെ സസ്പെൻഡ് ചെയ്തു. ക്രൈംബ്രാഞ്ച് കേസെടുത്തതോടെയാണ് നടപടി. പോസ്റ്റല്‍ വോട്ട് അട്ടിമറിച്ചതില്‍ വൈശാഖിനുള്ള പങ്ക് കണ്ടെത്തിയിരുന്നു.

തിരിമറിയിലെ പ്രധാന തെളിവായ വാട്സ്ആപ്പ് ഗ്രൂപ്പ് നശിപ്പിച്ചുവെന്നാണ് കണ്ടെത്തൽ. ‘ശ്രീപത്മനാഭ’ എന്ന വാട്സ്ആപ്പ് ഗ്രൂപ്പ് ആണ് നശിപ്പിച്ചത്. ഈ ഗ്രൂപ്പിലാണ് പോസ്റ്റൽവോട്ട് ശേഖരിക്കാനുള്ള ശബ്ദരേഖ അയച്ചത്.

സംഭവത്തിൽ തുടരന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. തുടരന്വേഷണത്തിലൂടെ അസോസിയേഷന്‍ ബന്ധം കണ്ടെത്തുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പറഞ്ഞു. അതേസമയം കുറ്റക്കാരനെന്ന് കണ്ടെത്തിയ കമാന്‍ഡോ മുഖ്യമന്ത്രിയുടെ സ്റ്റാഫായിരുന്നുവെന്ന് വ്യക്തമായതോടെ അട്ടിമറിയിലെ സി.പി.എം ബന്ധത്തിനും തെളിവായി.

Top