അഭിമന്യു വധക്കേസ്; പ്രതികള്‍ക്ക് പ്രത്യേക പരിശീലനം നല്‍കുന്നുന്നതായി സൂചന

കൊച്ചി: അഭിമന്യു കൊലക്കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതികള്‍ കീഴടങ്ങുന്ന സമയം പൊലീസിന് നല്‍കാനുള്ള മൊഴി പഠിപ്പിക്കുവാന്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ നേതൃത്വത്തില്‍ പ്രത്യേക പരിശീലനം നല്‍കുന്നുന്നതായുള്ള വിവരം പൊലീസിന് ലഭിച്ചു.

പത്തനംതിട്ടയിലെ രഹസ്യ കേന്ദ്രത്തിലാണ് പ്രതികള്‍ക്ക് പ്രത്യേക പരിശീലനം നല്‍കുന്നതെന്നാണ് ലഭിക്കുന്ന വിവരം. പൊലീസിന് പിടികൊടുക്കേണ്ട പ്രതികളെ തിരഞ്ഞെടുക്കുകയാണ് ആദ്യം ചെയ്യുക. പിന്നീട്, കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിച്ച് കീഴടങ്ങാന്‍ നിര്‍ദേശം നല്‍കും. പൊലീസിന്റെ അന്വേഷണത്തെ കുഴയ്ക്കുന്ന തരത്തിലുള്ള മറുപടികളാണ് ഇവര്‍ നല്‍കുക എന്നാണ് സൂചന.

പ്രതികള്‍ കേരളം വിട്ടിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. ഇവരുടെയെല്ലാം അറസ്റ്റ് ഉടന്‍ തന്നെ ഉണ്ടാകുമെന്ന് പ്രത്യേക അന്വേഷണ സംഘത്തലവന്‍ വ്യക്തമാക്കി. അക്രമി സംഘത്തെ റിക്രൂട്ട് ചെയ്ത ഷിജുവടക്കം എട്ട് പ്രതികളാണ് ഒളിവില്‍ കഴിയുന്നത്. റിയാസ്, അനീഷ്, ഷാഹിം, മനാഫ്, ജബ്ബാര്‍, നൗഷാദ്, അബ്ദുള്‍ നാസര്‍ എന്നിവരാണ് ഒളിവിലുള്ള മറ്റ് പ്രതികള്‍. കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ളവരാണ് ഇവര്‍.

Top