പൊലീസ് ഉദ്യോഗസ്ഥന്റെ ആത്മഹത്യ: അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി

കൊച്ചി: ആലുവയില്‍ എ.എസ്.ഐ ബാബുവിന്റെ ആത്മഹത്യയില്‍ അന്വേഷണത്തിന് ഉത്തരവ്. ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങളും സാഹചര്യവും എറണാകുളം റേഞ്ച് ഡി.ഐ.ജിയും അന്വേഷിക്കും. സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടേതാണ്‌
ഉത്തരവ്.

ആലുവ തടിയിട്ടപറമ്പ് സ്റ്റേഷനിലെ എഎസ്‌ഐയായ ബാബുവിനെയാണ് ഇന്ന് പുലര്‍ച്ചെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്റ്റേഷന്‍ ചുമതലയുള്ള എസ്‌ഐയുടെ പീഡനമാണ് കാരണമെന്ന് സൂചിപ്പിക്കുന്ന സന്ദേശങ്ങള്‍ പൊലീസുകാരുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ ഇട്ട ശേഷമാണ് ജീവനൊടുക്കിയത്.

എസ്.ഐ. രാജേഷ് കാരണം ജീവിതം വെടിയുന്നു എന്നാണ് ഇതില്‍ പറയുന്നത്. എന്നാല്‍ തുടര്‍ച്ചയായി മെഡിക്കല്‍ അവധിയെടുക്കുന്നത് എസ്.ഐ. ചോദ്യംചെയ്യുക മാത്രമാണ് ഉണ്ടായത് എന്നാണ് ഔദ്യോഗിക വിശദീകരണം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മെഡിക്കല്‍ ലീവില്‍ ആയിരുന്ന ബാബു, കടുത്ത ജോലി സമ്മര്‍ദ്ദത്തിലാണ് താനെന്ന് പറഞ്ഞിരുന്നതായി സുഹൃത്തുക്കള്‍ പറയുന്നു.

Top