തൂത്തുക്കുടി കസ്റ്റഡി കൊലപാതകം; പ്രതികള്‍ക്ക് ജയിലില്‍ സഹതടവുകാരുടെ മര്‍ദ്ദനം

ചെന്നൈ: തൂത്തുക്കുടിയില്‍ അച്ഛനും മകനും പോലീസ് കസ്റ്റഡിയില്‍ ക്രൂര മര്‍ദനത്തിന് ഇരയായി മരിച്ച കേസില്‍ അറസ്റ്റിലായ പൊലീസുകാര്‍ക്ക് ജയിലില്‍ സഹതടവുകാരുടെ മര്‍ദ്ദനം. തൂത്തുക്കുടി ജില്ലയിലെ പേരൂറാനി സബ് ജയിലിലാണ് സത്താന്‍കുളം സ്റ്റേഷനിലെ പൊലീസുകാര്‍ക്കെതിരെ ആക്രമണമുണ്ടായത്.

ശനിയാഴ്ച വൈകീട്ട് 4.30നാണ് ഇവര്‍ക്കുനേരെ തടവുകാര്‍ സംഘടിതമായി ആക്രമണം അഴിച്ചുവിട്ടത്. പ്രതികള്‍ പരസ്പരം സംസാരിച്ചുകൊണ്ട് നില്‍ക്കുന്നതിനിടെ സഹതടവുകാര്‍ ആക്രമിക്കുകയായിരുന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്.ജയില്‍ ഉദ്യോഗസ്ഥര്‍ ഏറെ പണിപ്പെട്ടാണ് പൊലീസുകാരെ ആക്രമണത്തില്‍ നിന്നും രക്ഷിച്ച് സെല്ലില്‍ എത്തിച്ചത്.

സംഭവത്തെ തുടര്‍ന്ന് ഇവരെ മധുരൈ ജയിലിലേക്ക് മാറ്റി പാര്‍പ്പിക്കാന്‍ തീരുമാനിച്ചു. പാലയംകോട്ടൈ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റാനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ സുരക്ഷ പരിഗണിച്ച് മധുരയിലേക്ക് മാറ്റുകയായിരുന്നു.

ലോക്ഡൗണ്‍ നിയമം ലംഘിച്ച് കട തുറന്നുവെന്ന പേരില്‍ ജൂണ്‍ 19-ന് അറസ്റ്റ് ചെയ്യപ്പെട്ട ജയരാജ്, മകന്‍ ബെന്നിക്‌സ് എന്നിവരാണ് പോലീസ് പീഡനത്തെ തുടര്‍ന്ന് മരിച്ചത്.

മര്‍ദനത്തിന് നേതൃത്വം നല്‍കിയ സാത്താന്‍കുളം എസ് ഐ രഘു ഗണേഷാണ് ആദ്യം അറസ്റ്റിലായത്.കഴിഞ്ഞ ബുധനാഴ്ച അര്‍ദ്ധരാത്രിയോടെയാണ് എസ്.ഐ ബാലകൃഷ്ണന്‍, കോണ്‍സ്റ്റബിള്‍ മുരുകന്‍ എന്നിവര്‍ അറസ്റ്റിലായത്.സിബിസിഐഡിയുടെയും ഐജിയുടെയും എസ്പിയുടെയും നേതൃത്തില്‍ 12 അംഗ പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്.

Top