പൊലീസ് ഉദ്യോഗസ്ഥര്‍ മദ്യപിച്ചാല്‍ ജോലിയില്‍ നിന്ന് പുറത്താക്കുമെന്ന് നിതീഷ് കുമാര്‍

Nitish Kumar

പാട്‌ന: മദ്യപ്പിക്കുന്ന പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന മുന്നറിയിപ്പുമായി ബീഹാര്‍ മുഖ്യമന്ത്രി നീതീഷ് ‌കുമാര്‍. സംസ്ഥാനത്ത് ഏതെങ്കിലും പൊലീസ് ഉദ്യോഗസ്ഥര്‍ മദ്യപിച്ചതായി കണ്ടെത്തിയാല്‍ അവരെ ഉടന്‍ തന്നെ ജോലിയില്‍ നിന്ന് പുറത്താക്കുമെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അറിയിച്ചു.

ജീവിതത്തില്‍ ഒരിക്കലും മദ്യപിക്കില്ലെന്ന് ഓരോ പൊലീസ് ഉദ്യോഗസ്ഥനും പ്രതിജ്ഞ എടുക്കണമെന്നും നിതീഷ് കുമാര്‍ ആവശ്യപ്പെട്ടു. എക്‌സൈസ് വകുപ്പിന്റെ പ്രവര്‍ത്തനം അവലോകനം ചെയ്യുന്നതിന് വേണ്ടിയുളള യോഗത്തില്‍ അധ്യക്ഷനായി സംസാരിക്കവെയായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. മദ്യനിരോധനം ഫലപ്രദമായി നടപ്പിലാക്കുന്നതില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ പങ്ക് വളരെ പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

ബീഹാറില്‍ ഏകദേശം 80,000 ത്തിലധികം പൊലീസ് ഉദ്യോഗസ്ഥരുണ്ട്. മദ്യം ഉപയോഗിക്കുകയോ സൂക്ഷിക്കുകയോ ചെയ്യുകില്ലെന്ന് ഓരോ വര്‍ഷവും ഇവര്‍ പ്രതിജ്ഞയെടുക്കാറുണ്ട്.

Top