മണിപ്പൂരില്‍ പോലീസ് ഉദ്യോഗസ്ഥന്‍ അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു

ഗുവാഹത്തി: മണിപ്പൂരില്‍ പോലീസ് ഉദ്യോഗസ്ഥന്‍ അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു. ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തിയിലുള്ള മോറേ ടൗണിലാണ് സംഭവം. സബ്-ഡിവിഷണല്‍ പോലീസ് ഓഫീസറായ ചിങ്താം ആനന്ദ് ആണ് കൊല്ലപ്പെട്ടത്.

തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെയാണ് സംഭവം. ഡ്യൂട്ടിയിലായിരുന്ന ആനന്ദ് ടൗണില്‍ പുതുതായി നിര്‍മ്മിച്ച ഹെലിപാഡ് പരിശോധിക്കുന്നതിനിടെ വയറില്‍ വെടിയേല്‍ക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സ്നൈപ്പര്‍ ആക്രമണമാണ് എന്നാണ് പോലീസ് സംശയിക്കുന്നത്.

രക്തം മരവിപ്പിക്കുന്ന കൊലപാതകമാണ് നടന്നതെന്ന് മുഖ്യമന്ത്രി എന്‍. ബീരേന്‍ സിങ് പറഞ്ഞു. ചിങ്താം ആനന്ദിന്റെ മരണത്തില്‍ അതീവമായ ദുഃഖമുണ്ടെന്നും കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും അദ്ദേഹം എക്സില്‍ കുറിച്ചു.

കുക്കി ഭൂരിപക്ഷ പ്രദേശമായ മോറേ ടൗണില്‍ നിന്ന് മണിപ്പൂര്‍ പോലീസിനെ പിന്‍വലിക്കണമെന്ന് ഗോത്രസംഘടനകള്‍ ആവശ്യപ്പെട്ട് ദിവസങ്ങള്‍ക്കിപ്പുറമാണ് ആക്രമണം നടന്നത്. മ്യാന്‍മര്‍ പൗരന്മാരായ മോഷ്ടാക്കളെ അറസ്റ്റ് ചെയ്തതായി നേരത്തേ പോലീസ് അവകാശപ്പെട്ടിരുന്നു. എന്നാല്‍ പോലീസ് നടപടിയെടുക്കുന്നത് തങ്ങള്‍ക്കെതിരെയാണ് എന്നാണ് ഗോത്രവര്‍ഗക്കാര്‍ ഉന്നയിച്ച ആരോപണം.

Top