കോട്ടയത്ത് പൊലീസ് ഉദ്യോഗസ്ഥനെ കാണാതായി; അന്വേഷണം

കോട്ടയം: കോട്ടയത്ത് പൊലീസ് ഉദ്യോഗസ്ഥനെ കാണാതായി. ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ സിപിഒ ബഷീറിനെയാണ് ഇന്ന് രാവിലെ മുതൽ കാണാതായത്.. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു

ഇന്ന് പുലർച്ചെ മുതലാണ് സിവിൽ പൊലീസ് ഓഫീസർ ബഷീറിനെ കാണാതായത്. വാറണ്ട് പ്രതിയെ അറസ്റ്റ് ചെയ്യാനായി പുലർച്ചെ അഞ്ച് മണിക്ക് സ്റ്റേഷനിൽ എത്താൻ സഹപ്രവർത്തകൻ ആവശ്യപ്പെട്ടിരുന്നു. അദ്ദേഹം എത്താത്തതിനെ തുടർന്ന് മൊബൈൽ ഫോണിൽ വിളിച്ചെങ്കിലും ഫോൺ എടുത്തില്ല. പിന്നീട് അദ്ദേഹത്തിന്റെ ക്വാട്ടേഴ്‌സിൽ ചെന്നുനോക്കിയപ്പോൾ രാവിലെ ഇറങ്ങിയതായി ഭാര്യ അറിയിച്ചു. വീണ്ടും ഫോൺ വിളിച്ചപ്പോഴാണ് വീടിനകത്ത് നിന്ന് ഫോൺ റിങ് ചെയ്യുന്നത് ശ്രദ്ധയിപ്പെട്ടത്. പഴ്‌സും വീട്ടിനകത്ത് കണ്ടെത്തിയതോടെയാണ് ഇയാളെ കാണാനില്ലെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയത്

തുടർന്ന് നടത്തിയ അന്വേഷണത്തിൽ പൊലീസുകാരൻ റെയിൽവേ സ്റ്റേഷനിൽ എത്തിയതായി കണ്ടെത്തി. അവിടെ നിന്ന് ട്രെയിൻ കയറി എങ്ങോട്ടെങ്കിലും പോയിട്ടുണ്ടാകുമെന്ന നിഗമനത്തിലാണ് പൊലീസ്. കഴിഞ്ഞ കുറച്ചുദിവസമായി തൊഴിൽപരമായുള്ള സമ്മർദം കാരണം വലിയ മനോവിഷമത്തിലായിരുന്നു ബഷീർ എന്ന് സഹപ്രവർത്തകർ പറയുന്നു. ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ ലോങ് പെൻഡിങ്ങായി കിടക്കുന്ന അൻപതോളം വാറണ്ടുകൾ നടപ്പാക്കേണ്ട ചുമതല ബഷീറിനുണ്ടായിരുന്നു. അതിൽ വീഴ്ചവരുത്തിയതിനെ തുടർന്ന് മേൽ ഉദ്യോഗസ്ഥർ ബഷീറിനെ കഴിഞ്ഞ ദിവസം ശാസിച്ചിരുന്നതായും റിപ്പോർട്ടുകൾ ഉണ്ട്.

സംഭവത്തിൽ എഫ്‌ഐആർ ഇട്ട് കേസ് അന്വേഷണം തുടങ്ങിയതായി ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

Top