പൊലീസ് ഓഫീസര്‍ യാചകനായി സഹപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ !

ഭോപാല്‍: ഒരു നേരത്തെ ഭക്ഷണത്തിനായി വഴിയിലുപേക്ഷിച്ച എച്ചിയില്‍ തിരയുന്നയാള്‍ സ്വന്തം സഹപ്രവര്‍ത്തകനായിരുന്നെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ആ രണ്ടു പൊലീസ് ഉദ്യോഗസ്ഥര്‍ ഒന്ന് ഞെട്ടി. മധ്യപ്രദേശിലെ ഗ്വാളിയാറിലാണ് സംഭവം. 15 വര്‍ഷം മുന്‍പു കാണാതായ പൊലീസ് ഓഫിസറെയാണ് അവിചാരിതമായി സഹപ്രവര്‍ത്തകര്‍ യാചകന്റെ രൂപത്തില്‍ വഴിയില്‍ കണ്ടത്.

കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ഡിഎസ്പിമാരായ രത്‌നേഷ് സിങ് തോമറും വിജയ് സിങ് ബഹദൂറും നഗരത്തിലൂടെ കാറില്‍ വരികയായിരുന്നു. അപ്പോഴാണ് യാചകനെ പോലെ ഒരാളെ കണ്ടത്. നന്നായി തണുത്ത് വിറയ്ക്കുന്ന അയാള്‍ വിശപ്പടയ്ക്കാന്‍ വഴിയിലുപേക്ഷിച്ച ഭക്ഷണത്തിന്റെ എച്ചിലിനായി തിരയുകയായിരുന്നു. മാനസികമായ പ്രശ്‌നങ്ങളും പ്രകടിപ്പിച്ചു. ആ കാഴ്ച കണ്ട് അലിവ് തോന്നിയ പൊലീസുകാര്‍ അയാളുടെ അടുത്തെത്തി ജാക്കറ്റ് വേണോ എന്നു ചോദിച്ചു.

എന്നാല്‍ അയാള്‍ ഇരുവരുടെയും പേരുകള്‍ വിളിച്ചു സംസാരിക്കുകയായിരുന്നു. ആ നിമിഷമാണ് 15 വര്‍ഷം മുന്‍പു കാണാതായ സ്വന്തം സഹപ്രവര്‍ത്തകന്‍ മനീഷ് മിശ്രയാണ് തങ്ങളുടെ മുന്‍പില്‍ നില്‍ക്കുന്നതെന്ന് ഇരുവരും തിരിച്ചറിഞ്ഞത്. 2005ല്‍ ഇന്‍സ്‌പെക്ടറായി ജോലി ചെയ്യവെയാണ് മനീഷിനെ കാണാതാകുന്നത്. ഇത്രയും കാലമായിട്ടും അദ്ദേഹത്തെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.

മനീഷിനെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റിയെന്ന് ഗ്വാളിയാര്‍ ക്രൈബ്രാഞ്ച് ഡിഎസ്പിയായ രത്‌നേഷ് സിങ് തോമര്‍ മാധ്യമങ്ങളോട് പറഞ്ഞു. ‘പൊലീസില്‍ ചേരുന്ന കാലത്ത് അദ്ദേഹം വളരെ നല്ല അത്‌ലറ്റും ഷൂട്ടറുമായിരുന്നു. അതിനു ശേഷം അദ്ദേഹം മാനസികമായി ചില ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നു. കുടുംബം നല്ല രീതിയില്‍ തന്നെയാണ് അദ്ദേഹത്തെ പരിചരിച്ചത്. എന്നാല്‍ ഒരു ദിനം കാണാതാകുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

Top