മംഗളൂരു ബോംബ് സ്‌ഫോടനം: കര്‍ണാടകയിലെ 18 ഇടങ്ങളില്‍ പൊലീസ്- എൻഐഎ റെയ്ഡ് 

മംഗളൂരു : മംഗളൂരു പ്രഷർ കുക്കർ ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് കർണാടകയിലെ 18 ഇടങ്ങളിൽ പൊലീസും എൻഐഎയും പരിശോധന നടത്തുന്നു. മംഗളൂരുവിലും മൈസൂരുവിലുമാണ് എൻഐഎ പരിശോധന നടത്തുന്നത്. കേസിൽ പ്രതിയായ ഷാരിഖിന്റെ ബന്ധുവീടുകളിലും റെയ്ഡ് പുരോഗമിക്കുകയാണ്. കർണാടക ആഭ്യന്തര മന്ത്രിയും ഡിജിപിയും മംഗളൂരുവിലെത്തി.

ഷാരിഖിന് കോയമ്പത്തൂർ സ്ഫോടനത്തിലും പങ്കുണ്ടെന്നാണ് കർണാടക പൊലീസിന്റെ കണ്ടെത്തൽ. പ്രധാനസൂത്രധാരൻ അബ്ദുൾ മദീൻ താഹ ദുബായിലിരുന്നാണ് ഓപ്പറേഷനുകൾ നിയന്ത്രിച്ചതെന്നും പൊലീസ് കണ്ടെത്തി. സ്ഫോടനത്തിന് തൊട്ടുമുമ്പ് ബോംബ് ഘടിപ്പിച്ച ബാഗുമായി ഷാരിഖ് പോകുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.

കോയമ്പത്തൂർ സ്ഫോടനത്തിലെ ചാവേർ ജമേഷ മുബീനുമായി ഷാരീഖ് ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് കൂടിക്കാഴ്ച നടത്തിയത്. തമിഴ്നാട്ടിലെ സിംഗനെല്ലൂരിലെ ലോഡ്ജിൽ ദിവസങ്ങളോളം തങ്ങി. കോയമ്പത്തൂർ സ്ഫോടനത്തിന് മുമ്പുള്ള ദിവസങ്ങളിൽ ഇരുവരും വാട്ട്സാപ്പ് സന്ദേശങ്ങൾ കൈമാറി. മംഗ്ലൂരുവിലെ നാഗൂരി ബസ്സ്റ്റാൻഡിൽ സമാനമായ സ്ഫോടനത്തിനായിരുന്നു പദ്ധതി. ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അബ്ദുൾ മദീൻ താഹയെന്നയാളാണ് സ്ഫോടനത്തിന് പിന്നിലെ സൂത്രധാരൻ. ദുബായിൽ നിന്ന് ഇരുവർക്കും താഹ പണം അയച്ചതിൻറെ വിവരങ്ങൾ അടക്കം പൊലീസിന് ലഭിച്ചു. മംഗ്ലൂരു സ്ഫോടനത്തിന് രണ്ട് ദിവസം മുമ്പ ഇയാൾ കർണാടകയിലെത്തി ഉടനടി ദുബായിലേക്ക് മടങ്ങിയെന്നാണ് കർണാടക പൊലീസിന്റെ കണ്ടെത്തൽ.

Top