യുവാവിനെ കൊന്ന് കടൽ തീരത്ത് കുഴിച്ചു മൂടിയ സംഭവം; കൂടുതൽ അറസ്റ്റ് ഇന്ന് ഉണ്ടായേക്കും

അമ്പലപ്പുഴ: പറവൂരിലെ ബാറില്‍ വെച്ചുണ്ടായ അടിപിടിയെ തുടര്‍ന്ന് യുവാവിനെ തല്ലിക്കൊന്ന് കടല്‍ തീരത്ത് കുഴിച്ചു മൂടിയ സംഭവത്തില്‍ കൂടുതല്‍ പേരുടെ അറസ്റ്റ് പൊലീസ് ഇന്ന് രേഖപ്പെടുത്തിയേക്കും.

കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് പുന്നപ്ര പറവൂര്‍ സ്വദേശി മനു (27) വിനെയാണ് കൊലപ്പെടുത്തിയത്. മനുവിന്റെ അച്ഛന്‍ മനോഹരന്‍ പുന്നപ്ര പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് അന്വേഷണം നടന്നത്. കേസില്‍ പുന്നപ്ര സ്വദേശികളായ സൈമണ്‍, പത്രോസ്, പറവൂര്‍ സ്വദേശി ഓമനക്കുട്ടന്‍ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ബിയര്‍ കുപ്പിയും കല്ലും ഉപയോഗിച്ച് തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം, മൃതദേഹം പറവൂര്‍ ഗലീലിയ കടലില്‍ കല്ലുകെട്ടി താഴ്ത്തിയെന്നായിരുന്നു പ്രതികള്‍ മൊഴി നല്‍കിയത്. പിന്നീട് പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കടല്‍ തീരത്ത് കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്.

Top