കോതമംഗലം പള്ളി ഏറ്റെടുക്കാന്‍ പൊലീസ് നീക്കം

കൊച്ചി: കോതമംഗലം മാര്‍ത്തോമ്മന്‍ ചെറിയ പള്ളി ഏറ്റെടുക്കാന്‍ പൊലീസിന്റെ നീക്കം. വിധി നടത്തിപ്പിന് ഇന്നു തന്നെ ശ്രമിക്കാനാണ് ആലോചന. പള്ളി ഏറ്റെടുത്ത് കൈമാറാനുള്ള ഉത്തരവ് നടപ്പാക്കാന്‍ ഹൈക്കോടതി അന്ത്യശാസനം നല്‍കിയതിന് പിന്നാലെയാണ് പൊലീസ് നീക്കം.

സുപ്രീംകോടതി വിധി പ്രകാരം കോതമംഗലം പള്ളി ഏറ്റെടുത്ത് ഓര്‍ത്തഡോക്സ് പക്ഷത്തിന് കൈമാറണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഒരു വര്‍ഷമായിട്ടും ഈ വിധി നടപ്പായില്ല. ഇതോടെയാണ് 5 തവണ മുടങ്ങിയ പള്ളിയേറ്റെടുക്കല്‍ നടപടിക്ക് ശ്രമിക്കാന്‍ പൊലീസ് നീക്കമാരംഭിച്ചത്.

എന്നാല്‍ ഏത് വിധേനെയും പൊലീസ് നടപടിയെ പ്രതിരോധിക്കുമെന്നാണ് യാക്കോബായ വിശ്വാസികളുടെ നിലപാട്. പള്ളി ഓര്‍ത്തഡോക്സ് പക്ഷത്തിന് വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ് പ്രതിഷേധ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന മതമൈത്രി സംരക്ഷണ സമിതി. പളളി പിടിച്ചെടുക്കാനുള്ള നടപടി മുന്നില്‍ കണ്ട് വിശ്വാസികള്‍ പള്ളിക്കകത്ത് തമ്പടിച്ച് പ്രതിഷേധം തുടരുകയാണ്. മതമൈത്രി സംരക്ഷണ സമിതി നാളെ കോതമംഗലം ടൗണില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

Top