മകളുടെ വിവാഹ തലേന്ന് സ്റ്റേജില്‍ പാട്ടുപാടുന്നതിനിടെ അച്ഛന്‍ കുഴഞ്ഞ് വീണ് മരിച്ചു; വീഡിയോ

കൊല്ലം: മകളുടെ വിവാഹത്തലേന്ന്‌ ഗാനമേളയില്‍ പാടിക്കൊണ്ടിരിക്കെ പിതാവ്‌ കുഴഞ്ഞുവീണ്‌ മരിച്ചു. കരമന പൊലീസ്‌ സ്റ്റേഷനിലെ അഡീഷണല്‍ സബ്‌ ഇന്‍സ്‌പെക്ടര്‍ വിഷ്‌ണുപ്രസാദ്‌ ആണ്‌ മരിച്ചത്‌.

അമരം എന്ന ചിത്രത്തിലെ രാക്കിളി പൊന്‍മകളെ എന്നുതുടങ്ങുന്ന ഗാനമായിരുന്നു അദ്ദേഹം പാടിയത്. പാടുന്നതിനിടെ സ്റ്റേജില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പത്ത് വർഷം മുമ്പ് വിഷ്ണു പ്രസാദിന് ഹൃദയസ്തംഭനം ഉണ്ടായിരുന്നെങ്കിലും പിന്നീട് പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല.

വിവാഹത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതിനാൽ മരണവിവരം ബന്ധുക്കൾ വീട്ടുകാരെ അറിയിച്ചില്ല. അത്യാസന്ന നിലയിൽ ചികിത്സയിലാണെന്നേ പറഞ്ഞുള്ളു. അച്ഛൻ മരിച്ചതറിയാതെ ആർച്ചയുടെ വിവാഹം ഇന്ന് പരിമണം ക്ഷേത്രത്തിൽ വച്ച് നടന്നു.

വരുന്ന മേയിൽ സർവ്വീസിൽ നിന്നും വിരമിക്കാനിരിക്കെയാണ് വിഷ്ണുപ്രസാദിന്റെ മരണം. സുഷമയാണ് ഭാര്യ. മൂത്തമകൻ അനു അടുത്തിടെ പുറത്തുവന്ന പൊലീസ് കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റിലുണ്ട്.

Top