ജോര്‍ജ് ഫ്ലോയിഡിന് പിന്നാലെ വീണ്ടും കറുത്തവര്‍ഗകാരനെ കൊലപ്പെടുത്തി പൊലീസ്

യുഎസ്എ: ജോര്‍ജ് ഫ്ലോയിഡിന് പിന്നാലെ അമേരിക്കയില്‍ വീണ്ടും കറുത്ത വര്‍ഗക്കാരനെ കൊലപ്പെടുത്തി അറ്റ്ലാന്റ് പൊലീസ്. 27കാരനായ റെയ്ഷാര്‍ഡ് ബ്രൂക്സാണ് ഇത്തവണ വെടിയേറ്റ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് അറ്റ്ലാന്റ് പൊലീസ് മേധാവി എറിക്ക ഷീല്‍ഡ്സ് രാജിവെച്ചു. ജോര്‍ജ് ഫ്ലോയിഡിന്റെ മരണത്തെ തുടര്‍ന്നുണ്ടായ പ്രതിഷേധം യുഎസില്‍ അലയടിക്കുമ്പോഴാണ് പൊലീസ് മറ്റൊരു കറുത്തവര്‍ഗക്കാരനെ കൂടി വെടിവെച്ച് കൊലപ്പെടുത്തിയത്.

വെള്ളിയാഴ്ചയാണ് ബ്രൂക്സ് പൊലീസ് വെടിയേറ്റ് കൊല്ലപ്പെടുന്നത്. ബ്രൂക്സ് കാറിനുള്ളില്‍ കിടന്ന് ഉറങ്ങിയത് വെന്‍ഡീസ് റസ്റ്റാറന്റിന് മുന്നിലെ റോഡില്‍ ഗതാഗതകുരുക്കിന് കാരണമായി. ഹോട്ടല്‍ അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിനെ ബ്രൂക്സ് തടയുകയും ബ്രീത് അനലൈസര്‍ പരിശോധനക്ക് വിസ്സമ്മതിക്കുകയും ചെയ്തു.

തുടര്‍ന്ന് പൊലീസുമായി കൈയാങ്കളിയുണ്ടാകുകയും പൊലീസിന്റെ ടേസര്‍ കവര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്ത ബ്രൂക്സിനെ പൊലീസ് പിന്തുടര്‍ന്ന് വെടിവെക്കുകയായിരുന്നുവെന്ന് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബ്രൂക്സിന്റെ മരണത്തെ തുടര്‍ന്ന് അറ്റ്ലാന്റയില്‍ ആയിരങ്ങള്‍ തെരുവിലിറങ്ങിയിരിക്കുകയാണ്. വെടിയേറ്റ ബ്രൂക്സിനെ പൊലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Top