Police-journalist fight in Kozhikodu; Advocates association supported police

കോഴിക്കോട്: ജില്ലാ കോടതിയില്‍ മാധ്യമപ്രവര്‍ത്തകരെ തടഞ്ഞതുമായി ബന്ധപ്പെട്ട സംഘര്‍ഷത്തില്‍ സസ്‌പെന്‍ഷനിലായ ടൗണ്‍ എസ്‌ഐ പിഎം വിമോദിന് വേണ്ടി അഭിഭാഷകര്‍ രംഗത്ത്.

പൊലീസിന്റെ ഭാഗത്ത് ഒരു തെറ്റുമില്ലെന്നും അഭിഭാഷകരുടെ വാഹനങ്ങള്‍ പോലും പാര്‍ക്ക് ചെയ്യാന്‍ സ്ഥലമില്ലാതെ കോടതിക്കകത്ത് ഏഷ്യാനെറ്റിന്റെ ഒബി വാന്‍ പാര്‍ക്ക് ചെയ്യാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിന് ഇടയാക്കുമെന്ന് കണ്ട് തടയുക മാത്രമാണ് എസ്‌ഐ ചെയ്തതെന്നുമാണ് ബാര്‍ അസോസിയേഷന്‍ ഭാരവാഹികളുടെ വാദം.

ഇത് സംബന്ധമായി ശനിയാഴ്ച ചേര്‍ന്ന അടിയന്തര യോഗത്തില്‍ എസ്‌ഐക്ക് അനുകൂലമായ നിലപാട് സ്വീകരിക്കാന്‍ ബാര്‍ അസോസിയേഷന്‍ തത്ത്വത്തില്‍ തീരുമാനമെടുത്തിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ കോടതിക്കകത്തെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് എസ്‌ഐക്ക് അനുകൂലമായ മൊഴി നല്‍കാനാണ് തീരുമാനം.

ഒബി വാന്‍ പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് പുറത്ത് വന്ന വാര്‍ത്തകളും ദൃശ്യങ്ങളും ഏകപക്ഷീയമാണെന്നും അഭിഭാഷകര്‍ മൊബൈലില്‍ പകര്‍ത്തിയ യഥാര്‍ത്ഥ ദൃശ്യം പൊലീസ് അധികൃതര്‍ക്ക് കൈമാറിയെന്നും ബാര്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി അഡ്വ. രാജു പി അഗസ്റ്റ്യന്‍ വ്യക്തമാക്കി.

എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്ത പശ്ചാത്തലത്തില്‍ വിപുലമായ ജനറല്‍ബോഡി യോഗം വിളിക്കാനും അഭിഭാഷക സംഘടന ആലോചിക്കുന്നുണ്ട്.

നിയമപരമായും അല്ലാതെയും എസ്‌ഐ വിമോദിനെ സഹായിക്കാനാണ് സംഘടനാതലത്തിലെ തീരുമാനം.

അഭിഭാഷകരുടെ ഈ തീരുമാനം ഡിപ്പാര്‍ട്ട്‌മെന്റല്‍ എന്‍ക്വയറി നേരിടുന്ന എസ്‌ഐക്ക് അനുകൂലമാകുമെന്നാണ് സൂചന.

അതേസമയം പൊലീസ് സ്റ്റേഷനില്‍ വച്ചും പുറത്തും മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ അസഭ്യവര്‍ഷവും ഭീഷണിയും മുഴക്കിയെന്ന പാരതിയില്‍ എസ്‌ഐക്കെതിരെ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്ത സംഭവം ഒരു വിഭാഗം പൊലീസുകാര്‍ക്കിടയിലും വ്യാപക പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

ഇങ്ങനെയാണെങ്കില്‍ എങ്ങനെ ജോലി ചെയ്യുമെന്നാണ് ഈ വിഭാഗത്തിന്റെ ചോദ്യം.

മാധ്യമപ്രവര്‍ത്തകരാകട്ടെ വിമോദ് നേരത്തെ പുനലൂര്‍ എസ്‌ഐ ആയിരിക്കെ കാണിച്ച അതിക്രമങ്ങളുടെയടക്കം ‘ബാക്ക്ഫയല്‍’ എടുത്ത് എസ്‌ഐ സ്ഥിരം പ്രശ്‌നക്കാരനാണെന്ന് തുറന്ന് കാട്ടാനാണ് ശ്രമിക്കുന്നത്.

എസ്‌ഐയുാമയി വാക്ക് തര്‍ക്കമുണ്ടായ ഏഷ്യാനെറ്റ് ബ്യൂറോ ചീഫ് എസ് ബിനുരാജ് മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ മാത്രമല്ല പൊതുസമൂഹത്തിനിടയിലും തികഞ്ഞ പക്വതയോട് കൂടി മാത്രം പെരുമാറുന്ന വ്യക്തിയായതിനാല്‍ ഒരു പ്രകോപനവും അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഒരിക്കലും ഉണ്ടായതായി കരുതാനാവില്ലെന്നാണ് ജില്ലക്ക് പുറത്തുള്ള മാധ്യമപ്രവര്‍ത്തകര്‍ പോലും ചൂണ്ടിക്കാണിക്കുന്നത്.

പൊലീസും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ നടന്ന തര്‍ക്കങ്ങളിലും തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലും എസ്‌ഐയുടെ സസ്‌പെന്‍ഷനിലുമെല്ലാം ഇപ്പോള്‍ ബാര്‍ അസോസിയേഷന്‍ കൂടി ഇടപെടുന്നത് കോഴിക്കോട്ടും മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള ബന്ധം വഷളാക്കാനാണ് വഴിയൊരുക്കുന്നത്.

Top