Police investigation- Fake Campaign against Nirapara

കൊച്ചി: വ്യാജപ്രചരണങ്ങള്‍ക്കെതിരെ നിറപറ നല്‍കിയ പരാതിയില്‍ പൊലീസ് സൈബര്‍ സെല്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി.

പ്രമുഖ കറിപൗഡര്‍ നിര്‍മ്മാതാക്കളായ നിറപറ ആലുവ റൂറല്‍ എസ്പിക്ക് നല്‍കിയ പരാതിയിലാണ് നടപടി.

കഴിഞ്ഞവര്‍ഷം നിറപറയുടെ മൂന്ന് ഉല്‍പ്പന്നങ്ങള്‍ക്ക് ഫുഡ് ആന്റ് സേഫ്റ്റി കമ്മീഷണര്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ നിയമസാധുത ഇല്ലാത്ത തീരുമാനത്തെ ചോദ്യം ചെയ്ത് കമ്പനി അധികൃതര്‍ ഹൈക്കോടതിയിയെ സമീപിച്ചതിനെ തുടര്‍ന്ന് കോടതി ആ നടപടി സ്റ്റേ ചെയ്തിരുന്നു.

ഇതുസംബന്ധമായി അക്കാലത്ത് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയുടെ കട്ടിംങ്‌സും മറ്റും ഉപയോഗിച്ചാണ് ഇപ്പോള്‍ വീണ്ടും ഒരു വിഭാഗം സംഘടിതമായി സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ നടന്ന സംഭവമാണെന്ന രൂപത്തില്‍ പ്രചാരണം നടത്തുന്നത്.

മറ്റൊരു പ്രമുഖ കറി പൗഡര്‍ കമ്പനിയില്‍ ജോലി ചെയ്യുന്നവരടക്കം ഈ പ്രചരണത്തില്‍ ‘ചുക്കാന്‍’ പിടിക്കുന്നുണ്ടെന്നാണ് ആക്ഷേപം.

ബിസിനസ്സ് കുടിപ്പകയാണ് നിറപറക്കെതിരായ നീക്കത്തിന് പിന്നിലെന്നതിനാല്‍ പൊലീസ് അന്വേഷണം പൂര്‍ത്തിയാകുന്നതോടെ വ്യാജപ്രചരണം നടത്തിയവര്‍ക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കാനാണ് നിറപറയുടെ തീരുമാനം.

ചില വ്യക്തികള്‍ നിറപറക്കെതിരായ വാര്‍ത്തകള്‍ പോസ്റ്റ് ചെയ്തതിന് ശേഷം പിന്നീട് അത് ഡിലീറ്റ് ചെയ്തിട്ടുണ്ടെങ്കിലും ഇത് സംബന്ധമായ സ്‌ക്രീന്‍ഷോട്ട് നേരത്തെ എടുത്ത് വച്ചിട്ടുള്ളതിനാല്‍ അവര്‍ക്കെതിരെയും കമ്പനി അധികൃതര്‍ നടപടി ആവശ്യപ്പെട്ടിട്ടുണ്ട്.

ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്ന നിലപാടിലാണ് നിറപറ.

ബ്ലാക്ക്‌മെയിലിങിന്റെ ഭാഗമായ ‘ഇടപെടലുകള്‍’ ഇപ്പോഴത്തെ പ്രചരണത്തിന് പിന്നിലുണ്ടോയെന്ന കാര്യവും സൈബര്‍ പൊലീസ് പരിശോധിക്കുന്നുണ്ട്.

Top