ജോളിയുടെ കോയമ്പത്തൂര്‍ യാത്രകളുടെ വിശദാംശങ്ങള്‍ തേടി പൊലീസ്

കോഴിക്കോട് : കൂടത്തായി കൂട്ടക്കൊലക്കേസ് പ്രതി ജോളിയുടെ കോയമ്പത്തൂര്‍ യാത്രകളെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ജോളിയുടെ കഴിഞ്ഞ ആറ് മാസത്തെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചതില്‍ നിന്നാണ് ഇവര്‍ നിരന്തരം കോയമ്പത്തൂര്‍ സന്ദര്‍ശിച്ച കാര്യം അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുന്നത്.

സെപ്തംബര്‍ രണ്ടാമത്തെ ആഴ്ചയിലെ ഓണം അവധി ദിവസങ്ങളിലും രണ്ട് ദിവസം ജോളി കോയമ്പത്തൂരിലുണ്ടായിരുന്നു എന്നാണ് അന്വേഷണസംഘം നല്‍കുന്ന വിവരം. കൂടത്തായി കേസിനെപ്പറ്റി പൊലീസ് പ്രാഥമിക അന്വേഷണം തുടങ്ങിയ സമയത്തും ജോളി കോയമ്പത്തൂരിലെത്തിയെന്നും സൂചനയുണ്ട്.

ഓണക്കാലത്ത് അമ്മ വീട്ടില്‍ ഇല്ലായിരുന്നുവെന്നും കട്ടപ്പനയിലെ സ്വന്തം ബന്ധുക്കളുടെ അടുത്തേക്ക് പോകുകയാണെന്നാണ് പറഞ്ഞതെന്നുമായിരുന്നു നേരത്തെ ജോളിയുടെ മകന്‍ റോജോ പൊലീസിന് നല്‍കിയിരുന്ന മൊഴി.

ഇതിനിടെ കൂടത്തായി കൂട്ടക്കൊലയില്‍ ഉള്‍പ്പെട്ട സിലിയുടെ മരണവുമായി ബന്ധപ്പെട്ട് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തു. ജോളിയെ ഒന്നാം പ്രതിയാക്കിയാണ് താമരശേരി പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഈ കേസില്‍ രണ്ടു പ്രതികളുണ്ടെന്നാണ് സൂചന. നിലവില്‍ റോയിയുടെ കൊലപാതകത്തില്‍ മാത്രമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എന്നാല്‍ ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ എല്ലാ കൊലപാതകങ്ങളിലും കേസ് രജിസ്റ്റര്‍ ചെയ്യാനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ തീരുമാനം.

Top