പൊലീസില്‍ രാഷ്ട്രീയ അതിപ്രസരം, രക്തസാക്ഷി അനുസ്മരണം ഒഴിവാക്കണം; ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

police

തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് സേനയില്‍ രാഷ്ട്രീയ അതിപ്രസരം കൂടുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇതു സംഘടനയുടെ വിശ്വാസ്യത തകര്‍ക്കുന്നതാണ്. സേനയില്‍ മുമ്പെങ്ങും കണ്ടിട്ടില്ലാത്ത വിധം രാഷ്ട്രീയ പ്രവര്‍ത്തനം പടര്‍ന്ന് പിടിക്കുന്നതായാണ് ഇന്റലിജന്‍സ് ഡി.ജി.പി ടി.കെ വിനോദ് കുമാര്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.

സേനയില്‍ രക്തസാക്ഷി അനുസ്മരണം ഒഴിവാക്കപ്പെടേണ്ടതാണ്. അസോസിയേഷന്‍ ലോഗോയില്‍ വരുത്തിയിരിക്കുന്ന മാറ്റം നിയമവിരുദ്ധമാണ്. വിഷയത്തില്‍ രഹസ്യാന്വേഷണ വിഭാഗം ഇടപെടണമെന്നും ഡിജിപി ആവശ്യപ്പെട്ടു.

പൊലീസ് സേനയിലെ അംഗങ്ങളുടെ ക്ഷേമത്തിന് വേണ്ടിയാണ് പൊലീസ് അസോസിയേഷനുകള്‍ രൂപീകരിക്കപ്പെട്ടത്. എന്നാല്‍, സമീപകാലത്തായി ഈ സംഘടനകള്‍ ഭരിക്കുന്ന പാര്‍ട്ടിയുടെ അനുകൂലികളായാണ് പ്രവര്‍ത്തിക്കുന്നത്. രക്തസാക്ഷി അനുസ്മരണം എന്നത് രാഷ്ട്രീയ അക്രമങ്ങളില്‍ ജീവന്‍ നഷ്ടപ്പെടുന്നവര്‍ക്ക് വേണ്ടിയുള്ളതാണ്. അത്തരം അനുസ്മരണങ്ങള്‍ അസോസിയേഷന്‍ യോഗങ്ങളില്‍ നടക്കുന്നത് രാഷ്ട്രീയ അതിപ്രസരത്തിന്റെ ഭാഗമാണ്.

അതേസമയം, കൃത്യനിര്‍വഹണത്തിനിടെ ജീവന്‍ നഷ്ടമായ പൊലീസുകാരെ ഓര്‍മ്മിപ്പിക്കുന്നതിന് ഈ ശുഷ്‌കാന്തി പൊലീസുകാര്‍ കാണിക്കുന്നുണ്ടോയെന്ന് പരിശോധിക്കണമെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.

Top