ബലാത്സംഗക്കേസിൽ പൊലീസ് ഇൻസ്‌പെക്ടർ പിടിയിൽ; അറസ്റ്റ് ചെയ്തത് സ്റ്റേഷനിൽ നിന്നും

കൊച്ചി: കൂട്ട ബലാത്സംഗക്കേസിൽ സർക്കിൾ ഇൻസ്‌പെക്ടർ അറസ്റ്റിൽ. കോഴിക്കോട് കോസ്റ്റൽ പൊലീസ് ഇൻസ്‌പെക്ടർ സുനുവാണ് അറസ്റ്റിലായത്. തൃക്കാക്കരയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്.

പൊലീസ് സ്റ്റേഷനിൽ വെച്ചാണ് ഇൻസ്‌പെക്ടറെ അറസ്റ്റു ചെയ്തത്. തൃക്കാക്കര പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു വീട്ടമ്മയുടെ പരാതിയിലാണ് തൃക്കാക്കര പൊലീസിന്റെ നടപടി. കഴിഞ്ഞ മെയ് മാസത്തിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.

ഇൻസ്‌പെക്ടർ സുനു അടക്കമുള്ള സംഘം പീഡിപ്പിച്ചു എന്നാണ് പരാതി. രാവിലെ ജോലിക്കെത്തിയപ്പോൾ ഇൻസ്‌പെക്ടർ സുനുവിനെ തൃക്കാക്കര പൊലീസ്, സ്റ്റേഷനിലെത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

ഫറൂഖ് ഡിവൈഎസ്പി അടക്കമുള്ളവരെ വിവരം അറിയിച്ചശേഷമായിരുന്നു തൃക്കാക്കര പൊലീസിന്റെ നടപടി.കേസിലെ മൂന്നാം പ്രതിയാണ് ഇൻസ്പെക്ടർ. തൃക്കാക്കരയിലും കടവന്ത്രയിലും വെച്ച് പീഡിപ്പിച്ചു എന്നാണ് പരാതി.

വീട്ടിൽ വെച്ച് ഭീഷണിപ്പെടുത്തിയും ബലാത്സം​ഗം ചെയ്തുവെന്ന് യുവതി പറയുന്നു. യുവതിയുടെ ഭർത്താവ് ജയിലിലാണ്. കേസിൽ യുവതിയുടെ ഭർത്താവിന്റെ സുഹൃത്ത് അടക്കം ആറു പ്രതികളുണ്ടെന്ന് പൊലീസ് സൂചിപ്പിച്ചു.

Top