വീണ്ടും ദളിത് ആക്രമണം; മീശ പിരിച്ച് നൃത്തം ചെയ്തതിന് ‘മേല്‍ ജാതിക്കാര്‍’ തല്ലിച്ചതച്ചു

dalit

അഹമ്മദാബാദ്: ഗുജറാത്തില്‍ വീണ്ടും ദളിത് വിദ്യാര്‍ത്ഥിക്ക് നേരെ ആക്രമണം. മീശ മുകളിലേക്ക് പിരിച്ച് വച്ചെന്ന് പറഞ്ഞാണ് ‘ഉയര്‍ന്ന ജാതി’യില്‍പ്പെട്ടവര്‍ ഇയാളെ തല്ലിചതച്ചത്. ഗുജറാത്തിലെ മെഹ്സാനയില്‍ ഇന്നലെയാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്.

യുവാവിനെ മര്‍ദിച്ചതിന് പുറമെ മീശ വടിച്ചു കളയണമെന്ന് ഇയാളുടെ പിതാവിനോട് ഭീഷണി ഉയര്‍ത്തുകയും ചെയ്തു. മാത്രമല്ല ഇതിന്റെ വീഡിയോ സംഘം തന്നെ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. ഗുജറാത്തിലെ മെഹ്സാന ജില്ലയിലെ നോട്ട കോട്ടസാന ഗ്രാമത്തിലാണ് സംഭവം. വില്ലേജില്‍ ജോലി ചെയ്യുന്ന രാന്‍ചോദ് പാര്‍മര്‍ എന്നയാളുടെ മകന്‍ സഞ്ജയ് പാര്‍മര്‍ ആണ് ആക്രമണത്തിന് ഇരയായത്.

ഇന്നലെ വൈകീട്ടോടെ നൂറോളം പേരടങ്ങുന്ന സംഘം ഇയാളുടെ വീട്ടില്‍ എത്തുകയും സഞ്ജയ്യെ ഭീഷണിപ്പെടുത്തുകയും മീശ പിരിച്ചതിന് മര്‍ദിക്കുകയുമായിരുന്നു. യുവാവ് ഭീഷണി ഭയന്ന് മീശ വടിക്കുകയും ചെയ്തു. തുടര്‍ന്ന് ഇനി ഒരിക്കലും ഇത് ആവര്‍ത്തിക്കില്ല എന്ന് സംഘത്തിന് വാക്കുകൊടുക്കുകയും ചെയ്തു. മെഹ്സാന സോഷ്യല്‍ ജസ്റ്റിസ് കമ്മിറ്റി ചെയര്‍പേഴ്സണും സഞ്ജയ്യുടെ മുത്തശ്ശിയുമായി ദിവ പാര്‍മറാണ് ഇക്കാര്യങ്ങള്‍ തുറന്ന് പറഞ്ഞത്.

ഒരു ഗുജറാത്തി പാട്ടിനൊപ്പം മീശ പിരിക്കുന്നതിന്റെ വീഡിയോ സഞ്ജയ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. ഇതാണ് ആക്രമണത്തിന് പിന്നിലെന്ന് ഡിഎസ്പി മുകേഷ് വ്യാസ് അറിയിച്ചു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top