മദ്യരാജാവ് വിജയ് മല്ല്യയുടെ 159 സ്വത്തുവകകള്‍ തിരിച്ചറിഞ്ഞതായി ബാംഗ്ലൂര്‍ പൊലീസ്

vijay

ബെംഗളൂരു: മദ്യരാജാവ് വിജയ് മല്ല്യയുടെയും യുനൈറ്റഡ് ബ്രെവറീസിന്റെയും 159 സ്വത്തുവകകള്‍ തിരിച്ചറിഞ്ഞതായി ബാംഗ്ലൂര്‍ പൊലീസ്. വിവിധ ബാങ്കുകളില്‍ നിന്നായി 9000 കോടി രൂപ വായ്പയെടുത്ത് തിരിച്ചടക്കാതെ ലണ്ടനിലേക്ക് കടന്ന വിവാദ വ്യവസായി ആണ് വിജയ് മല്ല്യ. മല്ല്യയുടെ മറ്റ് സ്വത്തുവകകള്‍ തിരിച്ചറിയുന്നതിനായി ബാംഗ്ലൂര്‍ പൊലീസ് കൂടുതല്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. എന്‍ഫോഴ്‌സ്മന്റെ് ഡയറക്ടറേറ്റ് മുഖേന ഡല്‍ഹിയിലെ പട്യാല ഹൗസ് കോടതി മുമ്പാകെ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.

മല്ല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് സ്വത്തുവകകള്‍ കണ്ടുകെട്ടണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്മന്റെ് ഡയറക്ടറേറ്റ് ജൂണ്‍ 22ന് ഹരജി സമര്‍പ്പിച്ചിരുന്നു. ഇത് ഫയലില്‍ സ്വീകരിച്ച കോടതി മല്ല്യയോട് ആഗസ്റ്റ് 27ന് ഹാജരാവണമെന്ന് കാണിച്ച് ജൂണ്‍ 30ന് സമന്‍സ് അയക്കുകയും ചെയ്തിരുന്നു.

ഇതേതുടര്‍ന്ന് തന്റെ മൗനം വെടിഞ്ഞ് ബാങ്ക് വായ്പ തിരിച്ചടക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും എന്നാല്‍ രാഷ്ട്രീയ പ്രേരിതമായ ഇടപെടലുകള്‍ നടന്നാല്‍ തനിക്ക് ഒന്നും ചെയ്യാനാവില്ലെന്നും മല്ല്യ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ വ്യക്തമാക്കിയത്.

മല്ല്യയെ ഇന്ത്യയിലേക്ക് വിട്ടു നല്‍കണമെന്ന് ആവശ്യപ്പെടുള്ള കേസ് യു കെയിലെ കോടതിയില്‍ നടന്നു കൊണ്ടിരിക്കുകയാണ്. ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള കരാര്‍ പ്രകാരം രണ്ടു രാജ്യങ്ങളിലും ഇയാള്‍ ക്രിമിനല്‍ കുറ്റങ്ങള്‍ ചെയ്തുവെന്ന് വ്യക്തമായാല്‍, ഇയാളെ ഇന്ത്യയിലേക്ക് മടക്കി അയക്കുക എളുപ്പമാകും.

Top