നെടുങ്കണ്ടം കസ്റ്റഡി മരണം; ക്രൂരമായാണ് രാജ്കുമാര്‍ കൊല്ലപ്പെട്ടതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ഇടുക്കി: നെടുങ്കണ്ടം പൊലീസ് സ്റ്റേഷനില്‍ വെച്ച് കൊല്ലപ്പെട്ട രാജ്കുമാറിന്റെ രണ്ടാം പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തെത്തി.

കസ്റ്റഡിയില്‍ വെച്ച് ക്രൂരമായാണ് രാജ്കുമാര്‍ മരിച്ചതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. പോസ്റ്റുമോര്‍ട്ടത്തില്‍ രാജ്കുമാറിന്റെ ശരീരത്തില്‍ പുതിയ 22 പരിക്കുകളാണ് തിരിച്ചറിഞ്ഞത്.

കാലിനും തുടയിലുമായാണ് പുതിയ മുറിവുകള്‍ കണ്ടെത്തിയിരിക്കുന്നത്. തുടയില്‍ നാല് സെന്റീമീറ്റര്‍ ആഴത്തില്‍ ചതവും മുതുകില്‍ 20 സെന്റീമീറ്ററില്‍ പരുക്കും കണ്ടെത്തി. തുടയിടുക്കിലെ പേശികളില്‍ രക്തം പൊടിഞ്ഞിട്ടുമുണ്ട്. വൃക്ക ഉള്‍പ്പെടെയുള്ള ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റിട്ടുണ്ട്.

പുതിയ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടോടെ ന്യുമോണിയ ബാധിച്ചാണ് രാജ്കുമാര്‍ മരിച്ചതെന്ന ആദ്യ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് അന്വേഷണസംഘം തള്ളി. അതേസമയം, കേസില്‍ പൊലീസിന്റെ അന്വേഷണം പക്ഷപാതപരമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

Top