ക്രിമിനൽ കേസിൽ പ്രതിയായ ഐ.ജിക്ക് എതിരെ ആദ്യം നടപടി സ്വീകരിക്കണമെന്ന് . .

Police

തിരുവനന്തപുരം: ക്രിമിനല്‍ കേസുകളില്‍ പ്രതിയായ 1,129 ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുന്നതിനു മുന്‍പ് ക്രിമിനല്‍ കേസില്‍ പ്രതിയായ ഐ.ജിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പൊലീസുകാര്‍.

ക്രിമിനല്‍ പൊലീസുകാരുടെ പട്ടിക ചില മാധ്യമങ്ങള്‍ പുറത്ത് വിട്ടതോടെയാണ് കേസില്‍ പ്രതികളായ പൊലീസുദ്യോഗസ്ഥരില്‍ ഒരു വിഭാഗം തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.

വരാപ്പുഴ കസ്റ്റഡി മരണത്തെ തുടര്‍ന്ന് ക്രിമിനലുകളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും മനുഷ്യാവകാശ കമ്മിഷന്‍ ആഭ്യന്തര സെക്രട്ടറിക്കും ഡി.ജി.പിക്കും നിര്‍ദ്ദേശം നല്‍കിയ സാഹചര്യത്തിലാണ് ഈ പ്രതികരണം.

ഇപ്പോള്‍ ക്രിമിനല്‍ പട്ടികയില്‍പ്പെട്ട ഭൂരിപക്ഷം പേരും ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ ഭാഗമായി കേസില്‍ പ്രതികളാക്കപ്പെട്ടവരാണെന്നും എന്നാല്‍ ക്രൈംബ്രാഞ്ച് ഐ.ജി ശ്രീജിത്ത് അധികാരം ദുര്‍വിനയോഗം ചെയ്ത് അധികാര പരിധിയിലില്ലാത്ത സ്ഥലത്ത് ഇടപെട്ടതിനാണ് പ്രതിയായതെന്നും പൊലീസിലെ ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു.

പൊലീസ് ആസ്ഥാനത്ത് നിന്നും ഈ ഉദ്യോഗസ്ഥന്റെ പേര് പട്ടികയില്‍ കാണാത്തത് പരിശോധിക്കണമെന്ന ആവശ്യവും ഡിപ്പാര്‍ട്ട്‌മെന്റിനുള്ളില്‍ തന്നെ ഉയര്‍ന്ന് കഴിഞ്ഞു. ഇതു സംബന്ധമായ കോടതി രേഖകളുടെ പകര്‍പ്പ് ആവശ്യമെങ്കില്‍ ഹാജരാക്കാനാണ് നീക്കം.

ദിവസങ്ങള്‍ക്ക് മുന്‍പ് ശ്രീജിത്ത് ഒന്നാം പ്രതിയായ കേസില്‍ ( സി.സി. നമ്പര്‍ 695/2008) വിചാരണ വേളയില്‍ ശ്രീജിത്തും അഭിഭാഷകനും ഹാജരാകാതെ ഇരുന്നതിന് എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (1) വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

അതേ സമയം നിലവില്‍ ക്രിമിനല്‍ കേസില്‍ പ്രതിയായ ഈ ഉദ്യോഗസ്ഥനെ വരാപ്പുഴ കസ്റ്റഡി മരണ കേസ് ഏല്‍പ്പിച്ചത് അന്വേഷണത്തിലെ സത്യസന്ധത ചോദ്യം ചെയ്യപ്പെടാന്‍ കാരണമാകുമെന്ന ഭയം ഭരണപക്ഷത്തും ഇപ്പോള്‍ ശക്തമാണ്.

പത്തു ഡിവൈഎസ്പിമാര്‍, എട്ട് സിഐമാര്‍, എസ്‌ഐ എഎസ്‌ഐ റാങ്കിലുള്ള 195 ഉദ്യോഗസ്ഥര്‍ എന്നിവരുടെ പട്ടിക മാത്രമാണ് ഇപ്പോള്‍ ‘ബോധപൂര്‍വ്വം’ നല്‍കിയിരിക്കുന്നത്. 2018 മാര്‍ച്ച് വരെയുള്ള കണക്കാണിതത്രേ.

ഇതുപ്രകാരം തലസ്ഥാന ജില്ലയിലാണു പൊലീസിലെ ക്രിമിനലുകള്‍ കൂടുതല്‍. പൊലീസുകാര്‍ക്കെതിരെ 215 കേസുകളാണു തിരുവനന്തപുരത്ത് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ എസ്‌ഐ എഎസ്‌ഐ റാങ്കിലുള്ള 27 പേരും സിഐ റാങ്കിലുള്ള രണ്ടുപേരും ഡിവൈഎസ്പി എസി റാങ്കിലുള്ള മൂന്നുപേരും ഉള്‍പ്പെടുന്നു. രണ്ടാം സ്ഥാനത്ത് എറണാകുളമാണ് – 125 കേസുകള്‍.

പൊലീസിനെതിരെ റജിസ്റ്റര്‍ ചെയ്ത കേസുകള്‍:

തിരുവനന്തപുരം: ആകെ കേസ് 215 (എസ്‌ഐ, എഎസ്‌ഐ 27, സിഐ 2, ഡിവൈഎസ്പി–3)
കൊല്ലം: ആകെ കേസ്146 (എസ്‌ഐ, എഎസ്‌ഐ 22, സിഐ – 3, ഡിവൈഎസ്പി–2 )
ആലപ്പുഴ: ആകെ കേസ് 101 (എസ്‌ഐ, എഎസ്‌ഐ19, ഡിവൈഎസ്പി–1 )
എറണാകുളം: ആകെ കേസ്125 (എസ്‌ഐ, എഎസ്‌ഐ 24, സിഐ–1, ഡിവൈഎസ്പി–1)
പത്തനംതിട്ട: ആകെ കേസ് 41 (എസ്‌ഐ, എഎസ്‌ഐ–13)
കോട്ടയം: ആകെ കേസ് 92 (എസ്‌ഐ, എഎസ്‌ഐ–15)
ഇടുക്കി: ആകെ കേസ് 34 (എസ്‌ഐ, എഎസ്‌ഐ–9)

തൃശൂര്‍: ആകെ കേസ് 98 (എസ്‌ഐ, എഎസ്‌ഐ–20, സിഐ–1)
പാലക്കാട്: ആകെ കേസ്41 (എസ്‌ഐ, എഎസ്‌ഐ–5, ഡിവൈഎസ്പി–1)
മലപ്പുറം: ആകെ കേസ് 14 (എസ്‌ഐ, എഎസ്‌ഐ–2)
കോഴിക്കോട്: ആകെ കേസ് 75 (എസ്‌ഐ, എഎസ്‌ഐ19)
വയനാട്: ആകെ കേസ്43 (എസ്‌ഐ, എഎസ്‌ഐ7, ഡിവൈഎസ്പി2)
കണ്ണൂര്‍: ആകെ കേസ് 80 (എസ്‌ഐ, എഎസ്‌ഐ9, സിഐ1)
കാസര്‍കോട്: ആകെ കേസ്24 (എസ്‌ഐ, എഎസ്‌ഐ3).

റിപ്പോര്‍ട്ട് : എം വിനോദ്

Top