തിരുവനന്തപുരം: യുവ ഡോക്ടര്‍ ഷഹനയുടെ മരണത്തില്‍ സുഹൃത്തായ ഡോ റുവൈസിനെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് പൊലീസ്. മെഡിക്കല്‍ പിജി വിദ്യാര്‍ത്ഥിയായ റുവൈസിനെതിരെ സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പുകളും ആത്മഹത്യാ പ്രേരണ കുറ്റവും ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിയായ പ്രതിയുമായി മരിച്ച ഷഹാനയുടെ വിവാഹം നിശ്ചയിച്ചിരുന്നെങ്കിലും ഉയര്‍ന്ന സ്ത്രീധനം ആവശ്യപ്പെട്ടതോടെ വിവാഹം മുടങ്ങിയെന്നാണ് ബന്ധുക്കള്‍ പരാതിപ്പെട്ടത്.
റുവൈസുമായി അടുപ്പത്തിലായിരുന്നു ഷഹന. സാമ്പത്തികമായി ഉയര്‍ന്ന നിലയിലായിരുന്ന ഷഹനയുടെ കുടുംബം. എന്നാല്‍ പിതാവിന്റെ മരണത്തോടെ കുടുംബം പ്രതിസന്ധിയിലായി. ഈ സമയത്താണ് വിവാഹം മുടങ്ങിയത്. ഷഹനയുടെ കുടുംബത്തിന് താങ്ങാനാവുന്നതിലും ഉയര്‍ന്ന തുകയാണ് റുവൈസിന്റെ കുടുംബം ആവശ്യപ്പെട്ടത്. അത് സാധിക്കില്ലെന്ന് വ്യക്തമായതിന് പിന്നാലെ റുവൈസും വിവാഹത്തില്‍ നിന്ന് പിന്മാറിയെന്നാണ് ഷഹനയുടെ കുടുംബം ആരോപിക്കുന്നത്. ഇക്കാര്യം തങ്ങളെ സന്ദര്‍ശിച്ച സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷയോടടക്കം ഷഹനയുടെ ബന്ധുക്കള്‍ വെളിപ്പെടുത്തിയിരുന്നു.
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സര്‍ജറി വിഭാഗത്തില്‍ പിജി വിദ്യാര്‍ത്ഥിയായിരുന്നു ഷെഹന. താമസിച്ചിരുന്ന ഫ്‌ലാറ്റില്‍ അനസ്‌തേഷ്യക്കുള്ള മരുന്ന് കുത്തിവെച്ച് മരിച്ച നിലയിലാണ് ഷഹനയുടെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യാ കുറിപ്പില്‍ ആരുടേയും പേര് ഷഹന പറഞ്ഞിട്ടില്ല. സംഭവത്തില്‍ ഡോ റുവൈസ് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. വെഞ്ഞാറമൂട് സ്വദേശിയായ ഷെഹന മെറിറ്റ് സീറ്റിലാണ് എംബിബിഎസ് പ്രവേശനം നേടിയത്. വിദേശത്തായിരുന്ന അച്ഛന്‍ മാസങ്ങള്‍ക്ക് മുമ്പ് മരിച്ചത് ഷഹനയുടെ സ്വപ്നങ്ങള്‍ക്ക് മേലെയും കരിനിഴല്‍ വീഴ്ത്തി. ഷഹനയുടെ സഹോദരന്‍ ഒരു കമ്പ്യൂട്ടര്‍ സെന്ററില്‍ ജോലി ചെയ്യുകയാണ്. ഷഹനയുടെ അച്ഛന്‍ പലര്‍ക്കും പണം കടം കൊടുത്തിരുന്നു. ആ പണവും തിരികെ കിട്ടിയിട്ടില്ല.