മുഖ്യമന്ത്രിയെ വധിക്കുമെന്ന് ഭീഷണി മുഴക്കിയയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു

pinarayi-vijayan

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഭീഷണി മുഴക്കിയയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. പഴയങ്ങാടിക്കടുത്ത് ശ്രീസ്ഥ സ്വദേശി വിജേഷ് കുമാറി (30)നെതിരെയാണ് കേസ്. ഇന്നലെ സി.പി.എം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിലെ ലാന്‍ഡ് ലൈനിലേക്കാണ് ഫോണ്‍ കോള്‍ വന്നത്. ഉടന്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ മുഖ്യമന്ത്രിയുടെ ഓഫീസിലും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, ഉത്തരമേഖല ഡി.ജി.പി രാജേഷ് ദിവാന്‍, പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ എന്നിവര്‍ക്കും സന്ദേശം കൈമാറുകയായിരുന്നു.

സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തില്‍ കണ്ണൂരില്‍ നിന്നാണ് ഫോണ്‍ സന്ദേശം വന്നതെന്ന് കണ്ടെത്തി. സിം കാര്‍ഡിന്റെ ഉടമസ്ഥ ഒരു പെണ്‍കുട്ടിയായിരുന്നു. യുവതിയുമായി ബന്ധപ്പെട്ടപ്പോള്‍ തന്റെ നഷ്ടപ്പെട്ടു പോയ സിം കാര്‍ഡാണിതെന്ന വിവരം ലഭിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വിജേഷാണ് വിളിച്ചതെന്ന് കണ്ടെത്തിയത്.

സമാന സംഭവത്തില്‍ ഇയാള്‍ക്കെതിരെ പയ്യന്നൂര്‍ പൊലീസ് സ്റ്റേഷനിലും കേസുണ്ട്. 2016 സെപ്തംബര്‍ 18ന് സി.പി.എം പയ്യന്നൂര്‍ ഏരിയാ കമ്മറ്റി ഓഫീസിലേക്ക് വിളിച്ചാണ് ഭീഷണി മുഴക്കിയത്. ഏരിയാ സെക്രട്ടറി, ഓഫീസ് സെക്രട്ടറി എന്നിവരെ വധിക്കുമെന്നായിരുന്നു ഭീഷണി.

Top