ഒളിക്യാമറ വിവാദത്തില്‍ എം.കെ രാഘവനെതിരെ പൊലീസ് കേസെടുത്തു

കോഴിക്കോട് : ഒളിക്യാമറ വിവാദത്തില്‍ കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എം.കെ രാഘവനെതിരെ കേസെടുത്തു. കേസെടുക്കാമെന്ന നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കോഴിക്കോട് സിറ്റി പൊലീസ് കേസെടുത്തത്.

വ്യവസായികളെന്ന വ്യാജേനയെത്തിയ ചാനല്‍ സംഘത്തോട് രാഘവന്‍ കോഴ ആവശ്യപ്പെടുന്നതായുള്ള ഒളിക്യാമറ ദൃശ്യങ്ങള്‍ ചാനല്‍ നേരത്തെ പുറത്തുവിട്ടിരുന്നു. തെരഞ്ഞെടുപ്പ് ചെലവിലേക്ക് അഞ്ചു കോടി ആവശ്യപ്പെടുന്ന ദൃശ്യമാണ് ഹിന്ദി ചാനല്‍ പുറത്തുവിട്ടത്. നഗരത്തില്‍ ഹോട്ടല്‍ സമുച്ചയം പണിയാന്‍ 15 ഏക്കര്‍ ഭൂമി വാങ്ങാനെന്ന വ്യാജേനയാണു ഹിന്ദി ചാനല്‍ പ്രതിനിധികള്‍ എം.കെ. രാഘവനെ കണ്ടത്. ഇടപാടിനു മധ്യസ്ഥം വഹിച്ചാല്‍ അഞ്ചുകോടി രൂപ നല്‍കാമെന്നും വാഗ്ദാനം നല്‍കി. പണം ഡല്‍ഹിയിലെ പ്രൈവറ്റ് സെക്രട്ടറിയെ ഏല്‍പിക്കാന്‍ രാഘവന്‍ നിര്‍ദേശിച്ചുവെന്നുമാണു ചാനലിന്റെ അവകാശവാദം.

എന്നാല്‍ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായി കെട്ടിചമച്ചതാണു ദൃശ്യങ്ങളെന്നായിരുന്നു എം.കെ. രാഘവന്റെ പ്രതികരണം. തുടര്‍ന്ന് സംഭവത്തെപ്പറ്റി അന്വേഷിച്ച ഐജി ദൃശ്യങ്ങള്‍ കൃത്രിമമായി ഉണ്ടാക്കിയതല്ലെന്നും രാഘവനെതിരെ കേസെടുക്കണമെന്നും റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

Top