ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം; ഏഴു പ്രതികളെയും തിരിച്ചറിഞ്ഞെന്ന് പൊലീസ്

പയ്യന്നൂര്‍: പയ്യന്നൂരില്‍ ആര്‍എസ്എസ് നേതാവിനെ കൊലപ്പെടുത്തിയ സംഘത്തെ തിരിച്ചറിഞ്ഞെന്ന് പൊലീസ്.

പയ്യന്നൂര്‍ സ്വദേശി അനൂപ്, റിനീഷ് എന്നിവരടങ്ങുന്ന സംഘമാണ് കൊലയ്ക്ക് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ് ഇവര്‍.

ഏഴു പേരാണ് സംഘത്തില്‍ ഉണ്ടായിരുന്നതെന്നും ഇവര്‍ ഏഴു പേരെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. പ്രതികള്‍ സഞ്ചരിച്ചിരുന്നതെന്ന് കരുതുന്ന കാര്‍ പൊലീസ് ഇന്നു രാവിലെ കസ്റ്റഡിയില്‍ എടുത്തിരുന്നു. പയ്യന്നൂരിനടുത്ത് മണിയറയില്‍ നിന്നാണ് കാര്‍ കണ്ടെത്തിയത്.

കാര്‍ പോലീസ് പരിശോധിച്ചു വരികയാണ്. രാമന്തളി സ്വദേശിയുടേതാണ് കാറെന്നാണ് വിവരം. വെള്ളിയാഴ്ച വൈകിട്ടാണ് ആര്‍എസ്എസ് മണ്ഡലം കാര്യവാഹക് ആയ ചൂരക്കാട് ബിജു (34) കൊല്ലപ്പെടുന്നത്. കാറിലെത്തിയ സംഘം ബിജുവിന്റെ ബൈക്ക് ഇടിച്ചുവീഴ്ത്തിയ ശേഷം വെട്ടിക്കൊല്ലുകയായിരുന്നു എന്നാണ് വിവരം.

Top