കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഭീഷണി; ജോജുവിന്റെ വീടിന് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി

കൊച്ചി: മണിക്കൂറുകളോളം റോഡ് ഗതാഗതം തടസപ്പെടുത്തി കൊണ്ടുളള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സമരത്തിന് എതിരെ പ്രതിഷേധിച്ചതില്‍ ജോജു ജോര്‍ജ്ജിന്റെ വീടിന് നേരെ ഭീഷണി. ഭീഷണിയെ തുടര്‍ന്ന് ജോജുവിന്റെ മാളയിലുളള വീടിന് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി. മാളയിലുളള വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച് പൊലീസ് തടഞ്ഞിരുന്നു.

ഇന്ധന വിലക്കയറ്റത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ ഗതാഗതം തടസപ്പെടുത്തിയുളള സമരത്തിന് എതിരെയായിരുന്നു ജോജുവിന്റെ പ്രതിഷേധം. ഗതാഗത കുരുക്കില്‍പെട്ട് ഏറെ നേരം കാത്തിരുന്ന ജോജു വാഹനത്തില്‍ നിന്ന് ഇറങ്ങുകയും സമരക്കാരുടെ അടുത്ത് എത്തി തന്റെ പ്രതിഷേധം അറിയിക്കുകയായിരുന്നു. ‘രോഗികളുള്‍പ്പടെയുള്ളവര്‍ മണിക്കൂറുകളോളം കുടുങ്ങിക്കിടക്കുന്നു. നാട് ഭരിക്കേണ്ടവരാണ് ഇത്തരത്തില്‍ അപക്വമായി പെരുമാറുന്നത്. വിലവര്‍ദ്ധനവില്‍ പ്രതിഷേധിക്കണം പക്ഷേ ജനങ്ങളെ ഉപദ്രവിക്കരുത്’ എന്ന് ജോജു പ്രതിഷേധക്കാരോട് പറഞ്ഞു.

എന്നാല്‍ ഇത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ജോജുവും തമ്മില്‍ വാക്കേറ്റത്തിനിടയാക്കി. റോഡ് ഉപരോധിച്ച് സമരം നടത്തിയ സംഭവത്തില്‍ കണ്ടാലറിയുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയും, ജോജു ജോര്‍ജിന്റെ വാഹനം തകര്‍ത്ത കേസില്‍ കണ്ടാലറിയുന്ന യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയും മരട് പൊലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ജോജു ജോര്‍ജിനെതിരായ ആരോപണങ്ങളില്‍ ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് കേസ് ഇല്ലെന്നും വ്യക്തമാക്കി. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആക്രമണ ഭീഷണിയെ തുടര്‍ന്നാണ് വീടിന് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Top