മയക്കുമരുന്ന് വില്‍പ്പന ; 22 വെബ്‌സൈറ്റുകള്‍ പൊലീസ് അടച്ചുപൂട്ടി

ദുബായ്: വിദ്യാര്‍ഥികള്‍ക്കിടിയിലും യുവാക്കള്‍ക്കിടയിലും മയക്കുമരുന്ന് വില്‍ക്കുകയും ഇതിന്റെ ഉപയോഗം പ്രോത്സിഹിപ്പിക്കുകയും ചെയ്ത 22 വെബ്‌സൈറ്റുകള്‍ റാസ് അല്‍ ഖൈമ പൊലീസ് അടച്ചുപൂട്ടി.

മയക്കുമരുന്നുകള്‍ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് സംശയം തോന്നിയ വെബ്‌സൈറ്റുകള്‍ പൊലീസ് സ്ഥിരമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നെന്നും മയക്കുമരുന്നു കടത്തുന്നവരെ പിടികൂടാന്‍ ഇത് സഹായകമായെന്നും റാസ് അല്‍ ഖൈമ പൊലീസിന്റെ ആന്റി നര്‍കോട്ടിക് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്റ്റര്‍ ജനറല്‍ കേണല്‍ അഡ്‌നാന്‍ അലി അല്‍ സാബി പറഞ്ഞു.

ഇത്തരത്തിലുള്ള നിയമവിരുദ്ധ വെബ്‌സൈറ്റുകള്‍ കണ്ടെത്തുന്നതിനായി പൊലീസ് മയക്കുമരുന്ന് നിയന്ത്രണ വിഭാഗത്തില്‍ ഇലക്ട്രോണിക് പട്രോള്‍ ടീം രൂപീകരിച്ചിരുന്നു.

യുഎഇയിലെ ടെലികമ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോറിറ്റിയുടെ (ടിആര്‍എ) സഹകരണത്തോടെയും നിരവധി സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളുടെ പ്രവര്‍ത്തനം നിര്‍ത്തലാക്കി.

വിവിധ തരത്തിലുള്ള മയക്കുമരുന്നുകള്‍ എങ്ങനെ ഉപയോഗിക്കണമെന്ന് വിശദീകരിക്കുന്ന അപകടകാരികളായ നിരവധി വെബ്‌സൈറ്റുകളെ കണ്ടെത്തിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഓണ്‍ലൈന്‍ ചാറ്റുകളിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയുമെല്ലാം മയക്കുമരുന്ന് പ്രോത്സാഹിപ്പിക്കുന്നവര്‍ക്കെതിരേ ജാഗ്രത പുലര്‍ത്തണമെന്ന് മാതാപിതാക്കള്‍ക്ക് ദുബായ് പൊലീസ് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

ദുബായിലെ യുവാക്കള്‍ക്കിടയിലെ മയക്കുമരുന്നിന്റെ ഉപയോഗം വര്‍ധിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് ഇത് തടയാനുള്ള നടപടികള്‍ അധികൃതര്‍ ശക്തമാക്കിയത്. കഴിഞ്ഞ വര്‍ഷം മയക്കുമരുന്നു കേസില്‍ പിടിയിലായവരില്‍ 62 ശതമാനം പേരും 15 നും 25 നും ഇടയില്‍ പ്രായമുള്ളവരാണെന്ന് ദുബായ് പൊലീസ് പുറത്തുവിട്ട കണക്കുകള്‍ പറയുന്നു.

Top