ആദിവാസി യുവാവിനെ കാട്ടുമൃഗമാണെന്ന തെറ്റിദ്ധാരണയില്‍ വെടിവച്ച പ്രതി പൊലീസ് പിടിയില്‍

ഇടുക്കി: ഇടമലക്കുടിയിലെ ആദിവാസി യുവാവിനെ കാട്ടുമൃഗമാണെന്ന തെറ്റിദ്ധാരണയില്‍ വെടിവച്ച പ്രതി അറസ്റ്റില്‍. മൂന്നാര്‍ സ്റ്റേഷനിലെ എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് കുടിയില്‍ എത്തി പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. കൃഷിയിടത്തില്‍ പണിയെടുക്കുകയായിരുന്ന ആദിവാസി യുവാവിനെ വെടിവച്ച സംഭവത്തിലെ പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇടമലക്കുടി കീഴ്പത്തം കുടി സ്വദേശിയായ ലക്ഷ്മണനെയാണ് (35) കുടിയിലെത്തിയ പൊലീസ് സംഘം പിടികൂടിയത്.

മൂന്നാര്‍ എസ്.ഐ. റ്റി.എം സൂഫിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതി കുടിയിലുണ്ടെന്ന വിവരം ലഭിച്ച പൊലീസ് ഇടമലക്കുടിയില്‍ ചൊവ്വാഴ്ച രാത്രിയോടെ എത്തുകയായിരുന്നു. പിടികൂടിയ പ്രതിയെ ബുധനാഴ്ച ഉച്ചയോടെ മൂന്നാര്‍ സ്റ്റേഷനിലെത്തിച്ചു. കഴിഞ്ഞ 11 നാണ് ഇരുപ്പുകല്ല് കുടി സ്വദേശിയായ സുബ്രമണ്യന് കൃഷി സ്ഥലത്തു വച്ച് ഉച്ചയ്ക്ക് ഒരു മണിയോടെ വെടിയേറ്റത്.

കാട്ടുമൃഗമാണെന്ന് തെറ്റദ്ധരിച്ച് വെടിവച്ചതാണെന്നാണ് പ്രതി ബന്ധുക്കളോട് പറഞ്ഞിരുന്നത്. കേസുമായി ബന്ധപ്പെട്ട് അന്വേഷണത്തിനായി മുമ്പ് പൊലീസ് സംഘം കുടിയില്‍ എത്തിയിരുന്നുവെങ്കിലും പ്രതിയെ പിടികൂടുവാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ വെടിവയ്ക്കുവാന്‍ ഉപയോഗിച്ചിരുന്ന തോക്ക് പൊലീസ് കണ്ടെത്തുകയും കോടതിയില്‍ ഹാജരാക്കുകയും ചെയ്തിരുന്നു.

നെഞ്ചില്‍ വെടിയേറ്റ സുബ്രമണ്യനെ ആദ്യം മൂന്നാറിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ശരീരത്തില്‍ തുളച്ചു കയറിയ വെടിയുണ്ട പുറത്തെടുക്കാനായിരുന്നില്ല. കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ച ശേഷമാണ് വെടിയുണ്ട പുറത്തെടുക്കാനായത്. പ്രതിയെ പിടികൂടാന്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ സാമേഷ്, ഹിലാല്‍, നിഷാദ് എന്നിവരാണ് എസ്.ഐ യോടൊപ്പം ഉണ്ടായിരുന്നത്.

 

Top