സില്‍വര്‍ ലൈനിന്റെ പേരില്‍ സംസ്ഥാനത്ത് നടക്കുന്നത് പൊലീസ് ഗുണ്ടായിസം, പി സി വിഷ്ണുനാഥ്

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതി കേരളത്തില്‍ ഉണ്ടാക്കുന്ന സാമൂഹികാഘാതം പൊലീസ് അതിക്രമത്തില്‍ പൊഴിയുന്ന കുട്ടികളുടെ കണ്ണുനീരിലുണ്ടെന്ന് പിസി വിഷ്ണുനാഥ് എംഎല്‍എ. കെ റെയില്‍ വിഷയത്തില്‍ പ്രതിപക്ഷം സമര്‍പ്പിച്ച അടിയന്തിര പ്രമേയം അവതരിപ്പിച്ച് കൊണ്ടായിരുന്നു പി സി വിഷ്ണിനാഥിന്റെ പ്രതികരണം.

കെ റെയില്‍ സാമ്പത്തിക പരിസ്ഥിതി തകര്‍ക്കുന്നതാണ്, ഇതിനെതിരെ പ്രതിഷേധിക്കുന്നവരെ മനുഷ്യത്വമില്ലാതെ, ജനാധിപത്യ വിരുദ്ധമായി നേരിടുന്നു. പൊലീസ് വ്യാപകമായി അതിക്രമം നടത്തുകയാണ്. രോഗികള്‍ എന്നോ കുട്ടികളെന്നോ സ്ത്രീകള്‍ എന്നോ പരിഗണിക്കാതെയാണ് പൊലീസ് പെരുമാറുന്നത്. കേരളത്തിലെ പൊലീസ് സില്‍വര്‍ ലൈനിന് എതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് നേരെ ആറാടുകയാണ്, അഴിഞ്ഞാടുകയാണ് എന്നും വിഷ്ണുനാഥ് കുറ്റപ്പെടുത്തി.

കേരളത്തിലെ വിവിധ ഇടങ്ങളില്‍ പദ്ധതിക്ക് എതിരെ ഉയര്‍ന്ന പ്രതിഷേധങ്ങള്‍ എണ്ണിപ്പറഞ്ഞായിരുന്നു വിഷ്ണുനാഥ് അടിയന്തര പ്രമേയം അവതരിപ്പിച്ചത്. രക്ഷിതാക്കളെ കുട്ടികളുടെ മുന്നിലിട്ട് മര്‍ദ്ദിക്കുന്നു. ആ കുട്ടികളുടെ കണ്ണീരിനപ്പുറം എന്ത് തെളിവ് വേണം പദ്ധതി ഉണ്ടാക്കുന്ന സാമൂഹിക ആഘാതം തെളിയിക്കാന്‍, ഒരു സുപ്രഭാതത്തില്‍ അടുക്കളയില്‍ കയറി മഞ്ഞക്കല്ല് കുഴിച്ചിടുകയാണ്. ഇത് ഫാസിസമാണെന്നും പി സി വിഷ്ണുനാഥ് കുറ്റപ്പെടുത്തി.

ഇന്ത്യയുടെ അരോഗ്യ മേഖലയ്ക്ക് ഉള്ളതിനേക്കാള്‍ മൂന്നിരട്ടിയാണ് കെ റെയില്‍ പദ്ധതിക്കായി മാറ്റിവയ്ക്കുന്നത്. ഇത് കോര്‍പ്പറേറ്റുകള്‍ക്കും ഇടനിലക്കാര്‍ക്കും കമ്മീഷന്‍ അടിക്കാന്‍ വേണ്ടിയാണ്. വിഷയത്തില്‍ സിപിഐഎം സ്വീകരിക്കുന്നത് ഇരട്ടത്താപ്പാണ്. അതിവേഗ റെയില്‍വേ പാതയായ അഹമ്മദാബാദ് മുംബൈ പദ്ധതിയെ എതിര്‍ക്കുന്നു. ഇവിടെ കെ റെയിലിന് എതിരെ പ്രതിഷേധിക്കുന്നവരെ കള്ളക്കേസില്‍ കുടുക്കുകയാണ്. സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം അശോക് ധവാളെയെ ഉദ്ധരിച്ച വിഷ്ണുനാഥ്, മഹാരാഷ്ട്രയില്‍ ഒരു നിലപാടും ഇവിടെ മറ്റൊന്നും സ്വീകരിക്കുകയാണ്, ഇത് ഇരട്ടത്താപ്പാണെന്നും പിസി വിഷ്ണുനാഥ് അടിയന്തര പ്രമേയം അവതരിപ്പിച്ചുകൊണ്ട് ആരോപിച്ചു.

Top