കൊച്ചിയില്‍ നിന്ന് 2013ലും മനുഷ്യക്കടത്ത് നടന്നിരുന്നു; പുതിയ വെളിപ്പെടുത്തല്‍. . .

കൊച്ചി: 2013ലും കൊച്ചിയില്‍ നിന്ന് മനുഷ്യക്കടത്ത് നടന്നതായി സ്ഥിരീകരിച്ച് പ്രതി. പൊലീസ് കസ്റ്റഡിയിലുള്ള പ്രഭുവാണ് മൊഴി നല്‍കിയത്.

മുനമ്പത്തു നിന്ന് മത്സ്യബന്ധന ബോട്ടില്‍ 70 പേരാണ് പോയതെന്നും ഓസ്‌ട്രേലിയയിലെ ക്രിസ്മസ് ദ്വീപിലേക്കാണ് പോയതെന്നും അഭയാര്‍ത്ഥി വിസയില്‍ രണ്ടു വര്‍ഷം ജോലി ചെയ്‌തെന്നും പിന്നീട് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ തിരിച്ചയച്ചെന്നും പ്രഭു മൊഴി നല്‍കി.

അതേസമയം, മുനമ്പം മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. മുനമ്പത്തു നിന്ന് മീന്‍പിടിത്തബോട്ടില്‍ ഓസ്‌ട്രേലിയയിലേക്കു കടന്ന ആളുകളുടെ വിശദാംശങ്ങളാണ് പൊലീസിന് ലഭിച്ചത്.

കസ്റ്റഡിയിലുള്ള പ്രഭുവിന്റെയും രവിയുടെയും മൊഴി അനുസരിച്ച്, മുനമ്പത്തു നിന്ന് വാങ്ങിയ ദയാമാത2 ബോട്ടില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയാണ് ആളുകളെ കയറ്റിവിട്ടത്. ഐസും മീനും സൂക്ഷിക്കുന്നതിനുള്ള ഉള്ളറകള്‍ പൊളിച്ച് ഹാളാക്കി. പകല്‍നേരം ബോട്ടിന്റെ പുറത്തു നിന്ന് യാത്രചെയ്യണം. മാല്യങ്കരയിലെ സ്വകാര്യ ബോട്ടുജെട്ടിയില്‍ നിന്ന് ജനുവരി 12ന് രാത്രി ഓസ്‌ട്രേലിയ ലക്ഷ്യമാക്കിയാണ് ബോട്ട് പോയത്.

ബോട്ട് കണ്ടെത്താനായി നാവിക സേനയും തീരസംരക്ഷണ സേനയും തിരച്ചില്‍ തുടരുകയാണ്. കടലില്‍ ആയിരക്കണക്കിന് മീന്‍പിടിത്ത ബോട്ടുകളുണ്ട്. അതിനാല്‍ ഈ ബോട്ട് കണ്ടെത്തുക ദുഷ്‌കരമാണെന്നാണ് വിവരം.

Top