മഹ്‌സ അമിനിയുടെ 40-ാം ചരമിദിനത്തിനെത്തിയവർക്കു നേരെ പോലീസ് വെടിവെപ്പ്

ടെഹ്‌റാന്‍: ഇറാനില്‍ മഹ്‌സ അമിനിയുടെ 40-ാം ചരമിദിനത്തില്‍ പോലീസ് വെടിവെപ്പ്. ചരമദിനം ആചരിക്കാന്‍ തടിച്ചുകൂടിയ പതിനായിരക്കണക്കിന് ആളുകള്‍ക്ക് നേരെ പോലീസ് വെടിവെക്കുകയായിരുുന്നു. നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

ഔദ്യോഗിക സദാചാര പോലീസിന്റെ കസ്റ്റഡിയിലിരിക്കെയാണ് മഹ്സ അമിനി കൊല്ലപ്പെടുന്നത്. അമീനിയുടെ ജന്മനാടായ പടിഞ്ഞാറന്‍ ഇറാനിലെ സാഖേസിലുള്ള ആയിചി കബറിസ്ഥാനിലേക്ക് നടന്ന റാലിയില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. തങ്ങളുടെ ശിരോവസ്ത്രം വലിച്ചെറിഞ്ഞ്, ഏകാധിപത്യം തുലയട്ടെ എന്ന് മുദ്രാവാക്യം മുഴക്കിയാണ് സ്ത്രീകള്‍ പ്രതിഷേധത്തില്‍ പങ്കെടുത്തത്. ശവകുടീരത്തില്‍ തടിച്ചുകൂടിയവർക്കുനേരെ പോലീസ് വെടിവെക്കുകയായിരുന്നു. നിരവധി പേരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്.

വെടിവെപ്പില്‍ മരണം ഉണ്ടായിട്ടുണ്ടോ എന്നതും എത്രപേർക്ക് പരിക്കേറ്റു എന്നതും സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും പുറത്തുവന്നിട്ടില്ല. മഹ്സ അമിനിയുടെ ശവസംസ്‌കാര ചടങ്ങിനിടെ നൂറുകണക്കിന് സ്ത്രീകളാണ് ശിരോവസ്ത്രം അഴിച്ചുമാറ്റി പ്രതിഷേധിച്ചത്. അമീനി അനുസ്മരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങുകളില്‍ രാജ്യത്തിന്റെ പലയിടത്തും പോലീസും പ്രക്ഷോഭകരും തമ്മില്‍ ഏറ്റുമുട്ടി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് രാജ്യത്തെ കോളേജുകള്‍ക്കും സര്‍വകലാശാലകള്‍ക്കും അവധി പ്രഖ്യാപിച്ചിരുന്നു.

 

Top