ജഫ്രബാദിന് പിന്നാലെ അലിഗഢിലും സംഘര്‍ഷം; പരക്കെ ആക്രമണം

അലിഗഢ്: അലിഗഢിലെ ഡല്‍ഹി ഗേറ്റില്‍ സംഘര്‍ഷം. കിഴക്കന്‍ ഡല്‍ഹിയിലെ ജഫ്രബാദില്‍ സിഎഎ അനുകൂലികളും സമരക്കാരും തമ്മില്‍ കല്ലേറുണ്ടായതിന് പിന്നാലെയാണ് അലിഗഢിലും സംഘര്‍ഷമുണ്ടായത്. അലിഗഢ് മുസ്ലീം സര്‍വകലാശാലയില്‍ നിന്നുള്ള വിദ്യാര്‍ത്ഥിനികള്‍ ആണ് സംഭവത്തിന് പിന്നില്‍ എന്ന് അലിഗഢ് ജില്ലാ മജിസ്‌ട്രേറ്റ് ചന്ദ്രഭൂഷണ്‍ സിംഗ് ആരോപിച്ചു. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും ആക്രമണം അഴിച്ച് വിട്ടവരെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും മജിസ്‌ട്രേറ്റ് അറിയിച്ചു.

സംഘര്‍ഷത്തില്‍ ഉണ്ടായ നാശ നഷ്ടങ്ങള്‍ ഇവരില്‍ നിന്ന് ഈടാക്കുമെന്നും ചന്ദ്രഭൂഷണ്‍ സിംഗ് വ്യക്തമാക്കി. ജില്ലയില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഭീം ആര്‍മി പ്രഖ്യാപിച്ച ഭാരത് ബന്ദോടെ സീലും പൂരിലും ചാന്ദ് ബാഗിലും ഷഹീന്‍ബാഗ് മോഡല്‍ സമരം തുടങ്ങിയിട്ടുണ്ട്. ഒരിടവേളയ്ക്കുശേഷമാണ് പരത്വ നിയമ ഭേദഗതി സമരം ഡല്‍ഹിയില്‍ അക്രമാസക്തമാകുന്നത്. ജഫ്രബാദില്‍ സ്ത്രീകള്‍ തുടങ്ങിയ ഉപരോധസമരത്തിനെതിരെ ബിജെപി നേതാവ് കപില്‍ മിശ്ര പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരുന്നു. പിന്നാലെയാണ് പൗരത്വ ഭേദഗതിക്ക് അനൂകൂലമായി മൗജ്പൂരില്‍ സംഘടിപ്പിച്ച് പരിപാടിക്കിടെ സംഘര്‍ഷം ഉണ്ടായത്.

Top