ഗ്രീസില്‍ ശീതീകരിച്ച ട്രക്കിനുള്ളില്‍ 41 കുടിയേറ്റക്കാരെ കണ്ടെത്തി

ആഥന്‍സ്: ഗ്രീസില്‍ ശീതികരിച്ച കണ്ടെയ്‌നര്‍ ട്രക്കിനുള്ളില്‍ 41 കുടിയേറ്റക്കാരെ കണ്ടെത്തി. ഇവരില്‍ അധികവും അഫ്ഗാനിസ്ഥാനില്‍ നിന്നുള്ളവരാണെന്നാണ് സൂചന. വടക്കന്‍ നഗരമായ സാന്തെയ്ക്ക് സമീപം പൊലീസ് ചെക്കിങ്ങിനിടെയാണ് ട്രക്കിനുള്ളില്‍ കുടിയേറ്റക്കാരെ കണ്ടെത്തിയത്.

ട്രക്കിലെ ശീതീകരണ സംവിധാനം പ്രവര്‍ത്തിപ്പിച്ചിരുന്നില്ലെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. ട്രക്ക് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. വിവരങ്ങള്‍ അന്വേഷിച്ചറിയാന്‍ കുടിയേറ്റക്കാരെ സമീപത്തെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

2015 മുതല്‍ കടുത്ത കുടിയേറ്റ പ്രതിസന്ധി നേരിടുന്ന രാജ്യമാണ് ഗ്രീസ്. പത്ത് ലക്ഷത്തിലധികം പേര്‍ തുര്‍ക്കിയില്‍നിന്ന് ഗ്രീസ് വഴി യൂറോപ്പിലേക്ക് കുടിയേറിയെന്നാണ് കണക്കുകള്‍.

കഴിഞ്ഞ മാസം ലണ്ടന്‍ നഗരത്തില്‍ ശീതീകരിച്ച കണ്ടെയ്നര്‍ ട്രക്കില്‍ 39 മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. മൃതദേഹങ്ങളെല്ലാം ചൈനീസ് പൗരന്മാരുടേതെന്നായിരുന്നു എസെക്സ് പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ വിയറ്റ്നാമില്‍ നിന്നുള്ളവരുള്‍പ്പടെ മരിച്ചവരുടെ കൂട്ടത്തിലുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബ്രിട്ടനിലെ എസക്‌സിലെ വാട്ടേര്‍ഗ്ലേഡ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിലാണ് ഒരു കൗമാരക്കാരന്റെ അടക്കം 39 പേരുടെ മൃതദേഹങ്ങള്‍ പോലീസ് കണ്ടെത്തിയത്. സംഭവത്തില്‍ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Top