ലോക്‌സഭാ എംപിക്കെതിരെ ബലാത്സംഗത്തിന് കേസെടുത്ത് പൊലീസ്

ദില്ലി: ലോക് ജനശക്തി പാര്‍ട്ടി എംപി പ്രിന്‍സ് രാജ് പസ്വാനെതിരെ പീഡനക്കേസ് രജിസ്റ്റര്‍ ചെയ്ത് ഡല്‍ഹി പൊലീസ്. മൂന്നുമാസം മുന്‍പ് ഡല്‍ഹി പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.

2020ല്‍ ഡല്‍ഹിയിലെ ജനപഥില്‍ വെച്ചാണ് എല്‍ജെപി പ്രവര്‍ത്തകയായ യുവതിയും എംപിയും തമ്മില്‍ പരിചയപ്പെടുന്നത്. പിന്നീട് നിരന്തരം ശാരീരികമായി ഉപദ്രവിച്ചെന്നും ഇരുവരും തമ്മിലുള്ള ബന്ധത്തിന്റെ വിഡിയോ കാണിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു എന്നുമാണ് പൊലീസിന് ലഭിച്ച പരാതി. പസ്വാന്‍ യുവതിയുടെ വീട്ടില്‍ ഇടയ്ക്കിടെ പോകുമായിരുന്നെന്നും ഭീഷണി തുടര്‍ന്നെന്നും എഫ്ഐആറില്‍ പറയുന്നു.

എല്‍ജെപിയുടെ മുതിര്‍ന്ന നേതാവ് ചിരാഗ് പസ്വാനെ കണ്ട് പരാതിക്കാരി പരാതി ബോധിപ്പിച്ചിരുന്നു. പ്രശ്നം പരിഹരിക്കാമെന്ന് ഉറപ്പുകൊടുത്തെന്നും പക്ഷേ പൊലീസില്‍ അറിയിക്കാതിരിക്കാന്‍ അദ്ദേഹം പ്രേരിപ്പിച്ചതായും യുവതി പൊലീസിന് മൊഴി നല്‍കി. ചിരാഗ് പസ്വാന്‍ ഇടപെട്ടിട്ടും പ്രശ്നം പരിഹരിക്കാത്തതിനാല്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു.

എല്‍ജെപി പ്രവര്‍ത്തകയായ പരാതിക്കാരി 2020ല്‍ ഈ സംഭവത്തിന് ശേഷം പാര്‍ട്ടി വിടുകയായിരുന്നു. യുവതിയെ, പ്രിന്‍സ് രാജ് പസ്വാന്‍ 14 മണിക്കൂറോളം നിയമവിരുദ്ധമായി തടങ്കലില്‍ പാര്‍പ്പിച്ചെന്നും തനിക്കെതിരായ തെളിവുകള്‍ പസ്വാന്‍ നശിപ്പിച്ചെന്നും പരാതിക്കാരി ആരോപിച്ചു.

ആദ്യം പൊലീസിന് നല്‍കിയ പരാതിയില്‍ നടപടിയുണ്ടാകാത്തതിനെ തുടര്‍ന്ന് ഡല്‍ഹി കോടതിയുടെ ഉത്തരവ് പ്രകാരമാണ് പൊലീസ് പസ്വാനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

 

Top