police file fir against Indian army

ശ്രീനഗര്‍: കാശ്മീരിലെ ജനക്കൂട്ടത്തിന്റെ കല്ലേറില്‍നിന്നു രക്ഷപ്പെടാന്‍ സൈനിക ജീപ്പിനു മുന്‍പില്‍ യുവാവിനെ കെട്ടിയിട്ട് മനുഷ്യകവചമൊരുക്കിയ നടപടിയില്‍ ഇന്ത്യന്‍ സൈന്യത്തിനെതിരെ എഫ്‌ഐആര്‍.

സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും സര്‍ക്കാര്‍ ഗുരുതര പ്രതിസന്ധിയിലാകുകയും ചെയ്ത സാഹചര്യത്തില്‍ മുഖ്യമന്ത്രി മെഹബൂബ മഫ്തി ജമ്മു കശ്മീര്‍ പൊലീസിനോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. സംഭവത്തില്‍ സൈന്യവും ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

kashmiri

യുവാവിനെ തട്ടിക്കൊണ്ടു പോകുക, മനുഷ്യകവചമായി ഉപയോഗിക്കുക തുടങ്ങിയ നടപടികളില്‍ സൈന്യത്തിനെതിരെ വിവിധ വകുപ്പുകള്‍ ചുമത്തുന്ന കാര്യം പരിഗണനയില്‍ ഉണ്ടെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

എന്നാല്‍ സംഭവത്തില്‍ മനുഷ്യകവചമായി യുവാവിനെ ഉപയോഗിക്കാന്‍ തീരുമാനമെടുത്ത ഓഫീസറെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ തീരുമാനമെന്നാണ് വ്യാപകമായ വിമര്‍ശനം.

മരിക്കുകയല്ലെങ്കില്‍ പ്രവര്‍ത്തിക്കുകയെന്ന ഘട്ടത്തിലാണ് ഇത്തരത്തിലൊരു തീരുമാനം എടുക്കേണ്ടി വന്നതെന്നും മനുഷ്യ കവചമായി യുവാവിനെ ഉപയോഗിച്ചില്ലെങ്കില്‍ സൈന്യത്തിനു നേരെ വന്‍ കല്ലേറ് ഉണ്ടാകുമായിരുന്നുവെന്നാണ് സൈന്യം നല്‍കുന്ന വിശദീകരണം. സൈന്യത്തിന്റെ വിവാദമായ തീരുമാനത്തെ അനുകൂലിക്കുന്ന സമീപനമായിരുന്നു സര്‍ക്കാരിന്റെ ഭാഗത്തുനിന്നു ഉണ്ടായത്.

ജനക്കൂട്ടം സൈന്യത്തിനെതിരെ കല്ലെറിയുന്നത് പതിവായ ജമ്മു കശ്മീരില്‍ അതില്‍ നിന്ന് രക്ഷപ്പെടുന്നതിനാണ് അവരില്‍ നിന്നും ഒരാളെ പിടിച്ച് വാഹനത്തിനു മുന്‍പില്‍ കെട്ടിയിട്ടതെന്നായിരുന്നു സര്‍ക്കാരിന്റെ വിശദീകരണം.

Top