മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തി; സെന്‍കുമാര്‍, സുഭാഷ് വാസു എന്നിവര്‍ക്കെതിരെ കേസ്

തിരുവനന്തപുരം: മുന്‍ ഡിജിപി ടി.പി സെന്‍കുമാറിനെതിരെ പൊലീസ് കേസ് എടുത്തു. പ്രസ് ക്ലബില്‍ വെച്ച് മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് കേസെടുത്തത്. സെന്‍കുമാറിനൊപ്പം സുഭാഷ് വാസുവിനെതിരെയും കേസ് എടുത്തിട്ടുണ്ട്. മാധ്യമ പ്രവര്‍ത്തകനായ കടവില്‍ റഷീദാണ് പരാതി നല്‍കിയത്.

തിരുവനന്തപുരം പ്രസ്‌ക്ലബില്‍ വാര്‍ത്താ സമ്മേളനം നടക്കുന്നതിനിടെ മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തി എന്നാണ് പരാതിയില്‍ പറയുന്നത്. വെള്ളാപ്പള്ളി നടേശനെതിരെ സംസാരിക്കുകയായിരുന്നു സെന്‍കുമാര്‍.

സെന്‍കുമാറിനെ ഡിജിപിയാക്കിയത് തനിക്ക് പറ്റിയ ഒരു പാതകമാണെന്ന ചെന്നിത്തലയുടെ പരാമര്‍ശത്തെക്കുറിച്ചുള്ള ചോദ്യമാണ് സെന്‍കുമാറിനെ ചൊടിപ്പിച്ചത്. താങ്കള്‍ ഡിജിപിയായിരുന്നപ്പോള്‍ ഈ വിഷയത്തില്‍ എന്ത് ചെയ്തുവെന്ന് കൂടി ചോദിച്ചപ്പോള്‍ സെന്‍കുമാര്‍ ഉച്ചത്തില്‍ സംസാരിക്കുകയും, മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

അതേസമയം മാധ്യമപ്രവര്‍ത്തകര്‍ വളരെ സംയമനത്തോടെയാണ് പെരുമാറിയിരുന്നത്. അതിനാല്‍ തന്നെ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടായില്ല. എന്നാല്‍ പത്രപ്രവര്‍ത്തക യൂണിയന്‍ സംഭവത്തില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയുന്നു. ടെപി സെന്‍കുമാറിനും സുഭാഷ് വാസുവിനും പുറമെ കണ്ടാലറിയാവുന്ന എട്ട് പേര്‍ക്കെതിരെയും കേസ് എടുത്തിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം.

Top