ഗവാസ്‌ക്കര്‍ക്ക് പരിക്കേറ്റത് വാഹനം അലക്ഷ്യമായി ഓടിച്ചപ്പോഴെന്ന് എ.ഡി.ജി.പി !

SUDHESH KUMAR

തിരുവനന്തപുരം: പൊലീസ് ഡ്രൈവര്‍ ഗവാസ്‌ക്കറിന് പരിക്കേറ്റത് അലക്ഷ്യമായി വാഹനം ഓടിച്ചതിനാല്‍ ആണെന്ന് എ.ഡി.ജി.പി സുദേഷ്‌കുമാര്‍. ഇതു സംബന്ധമായി ഡി.ജി.പിക്ക് അദ്ദേഹം പരാതി നല്‍കി. വലിയ സുരക്ഷാ ഭീഷണി തനിക്കുണ്ടെന്നും അദ്ദേഹം പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

എഡിജിപിയുടെ മകള്‍ തന്നെ മര്‍ദ്ദിച്ചെന്നായിരുന്നു പൊലീസ് ഡ്രൈവറായ ഗവാസ്‌ക്കര്‍ പരാതിയില്‍ പറഞ്ഞത്. ഇയാള്‍ ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. ഗവ. ആശുപത്രിയിലെ പരിശോധനയില്‍ തലയ്ക്കും നട്ടെല്ലിനും പരിക്കേറ്റതായി കണ്ടതിനെ തുടര്‍ന്നാണു ഗവാസ്‌കറെ വിദഗ്ധ ചികില്‍സയ്ക്കായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റിയത്.

മൂന്നു മാസമായി ഗവാസ്‌ക്കറെക്കൊണ്ട് എഡിജിപി വീട്ടുജോലികളും ചെയ്യിപ്പിച്ചിരുന്നതായി ബന്ധുക്കള്‍ ആരോപിക്കുന്നു. കൂടാതെ എഡിജിപിയുടെ വീട്ടുകാര്‍ വ്യക്തിഹത്യ നടത്തുകയും ചെയ്തിരുന്നെന്നും പലതവണ ഇതാവര്‍ത്തിച്ചപ്പോള്‍ ഗവാസ്‌കര്‍ എഡിജിപിയോടു നേരിട്ടു തന്നെ പരാതിപ്പെട്ടെന്നും ഡ്രൈവിങ് ജോലിയില്‍ നിന്നു മാറ്റി ക്യാംപിലേക്കു തിരികെ വിടണമെന്ന് അപേക്ഷിച്ചെന്നും ആരോപണമുണ്ട്.

പ്രഭാതസവാരിക്കായി കാറില്‍ കൊണ്ടുപോകുമ്പോള്‍ എഡിജിപിയുടെ മകള്‍, താന്‍ പരാതി പറഞ്ഞതിനെച്ചൊല്ലി അധിക്ഷേപിച്ചെന്നും മടക്കയാത്രയിലും ഇതു തുടര്‍ന്നതോടെ വണ്ടിയില്‍ വെച്ച് അധിക്ഷേപിക്കരുതെന്ന് ആവശ്യപ്പെട്ടെന്നും മൊബൈല്‍ ഫോണ്‍ എടുക്കാന്‍ മറന്നതിനെ തുടര്‍ന്നു വീണ്ടും വാഹനത്തില്‍ കയറി തന്നെ ആക്രമിക്കുകയായിരുന്നുവെന്നും ഗവാസ്‌ക്കര്‍ പറയുന്നു

എഡിജിപിയുടെ ഭാര്യയും മര്‍ദ്ദിച്ചെന്ന് മ്യൂസിയം പൊലീസിനു ഗവാസ്‌കര്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്. എഡിജിപിയുടെ മകള്‍ക്കെതിരെയും പൊലീസ് ഡ്രൈവര്‍ക്കെതിരെയും ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. ഗവാസ്‌ക്കറുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഔദ്യോഗിക കൃത്യ നിര്‍വഹണം തടസ്സപ്പെടുത്തിയെന്നതിനാണ് എഡിജിപിയുടെ മകള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിച്ചു എന്ന കേസിലാണ് ഗവാസ്‌ക്കര്‍ക്കെതിരെ കേസ്.

Top