‘എഫ്ഐആറിൽ ഭക്ഷ്യവിഷബാധയെന്ന് രേഖപ്പെടുത്തിയില്ല’; പൊലീസിനെതിരെ കോട്ടയത്ത് മരിച്ച രശ്മിയുടെ കുടുംബം

കോട്ടയം : പൊലീസിനെതിരെ കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ് മരിച്ച നഴ്സ് രശ്മിയുടെ കുടുംബം രംഗത്ത്. രശ്മി മരിച്ചത് ഭക്ഷ്യവിഷബാധയേറ്റാണെന്ന് പൊലീസ്, എഫ്ഐആറിൽ രേഖപ്പെടുത്തിയില്ലെന്നും ശരീരികാസ്വാസ്ഥ്യത്തെ തുടർന്നുള്ള അവശതയെന്നാണ് എഫ്ഐആറിലുള്ളതെന്നും സഹോദരൻ വിഷ്ണു രാജ് ആരോപിച്ചു. ഭക്ഷ്യവിഷബാധയെന്ന് സ്ഥിരീകരിക്കാൻ രശ്മിയുടെ ആന്തരാവയവങ്ങളുടെ രസപരിശോധന ഫലം വരണമെന്ന നിലപാടിലാണ് പൊലീസ്.

രശ്മി രാജ് കഴിഞ്ഞ മാസം 29നാണ് സംക്രാന്തിയിലെ പാർക്ക് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചത്. അന്ന് അവിടെ നിന്ന് ഭക്ഷണം കഴിച്ച നിരവധി പേർ ഇപ്പോഴും ചികിത്സയിലാണെന്നിരിക്കെയാണ് ഭക്ഷ്യവിഷബാധയെന്ന് എഫ്ഐആറിൽ രേഖപ്പെടുത്താൻ പൊലീസ് തയ്യാറാകാതിരുന്നതെന്നും കേസിലെ പൊലീസ് ഇടപെടൽ ദുരൂഹമാണെന്നും രശ്മിയുടെ കുടുംബം ആരോപിച്ചു.

അതേ സമയം, യുവതിയുടെ മരണത്തോടെ, ലൈസൻസില്ലാത്ത ഹോട്ടലിന് പ്രവർത്തനാനുമതി നൽകിയ ഹെൽത്ത് സൂപ്പർവൈസറെ നഗരസഭ സസ്പെൻഡ് ചെയ്തു. കോട്ടയം നഗരസഭയിലെ ഹെൽത്ത് സൂപ്പർ എം ആർ സാനുവിനെയാണ് നഗരസഭ ചെയർപേഴ്സൻറെ ശുപാർശയിൽ സസ്പെൻഡ് ചെയ്തത്. ഒരു മാസം മുമ്പും കോട്ടയം സംക്രാന്തിയിലെ പാർക്ക് ഹോട്ടലിൽ ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്നുള്ള പരിശോധനയിൽ ഹോട്ടലും അടുക്കളയും വ്യത്യസ്ത കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തി. അടുക്കള കെട്ടിടത്തിന് നഗരസഭ ലൈൻസസ് ഉണ്ടായിരുന്നില്ല. ക്രമവിരുദ്ധ പ്രവർത്തനം കണ്ടെത്തിയിട്ടും ഹോട്ടലിന് തുടർപ്രവർത്തന അനുമതി നൽകിയതിനാണ് സസ്പെൻഷൻ.

Top