പൊലീസ് ഘടനയില്‍ അഴിച്ചുപണി: റിപ്പോര്‍ട്ട് ഗവണ്‍മെന്റിന് സമര്‍പ്പിച്ചു

DGP Loknath Behera

കൊച്ചി : പൊലീസ് ഘടനയിലെ അഴിച്ചുപണിയ്ക്ക് ശുപാര്‍ശ ചെയ്ത് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയുടെ റിപ്പോര്‍ട്ട് ഗവണ്‍മെന്റിന് സമര്‍പ്പിച്ചു. ഉത്തര, ദക്ഷിണ മേഖലകളുടെ തലപ്പത്ത് നിന്ന് എ.ഡി.ജി.പിമാരെയും റേഞ്ചുകളില്‍ നിന്ന് ഐ.ജിമാരെയും ഒഴിവാക്കണമെന്ന് കാട്ടിയാണ് കരട് റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചത്. ഉന്നത ഉദ്യോഗസ്ഥരെ ക്രമസമാധാന പാലനത്തില്‍ നിന്ന് മാറ്റുന്ന ശുപാര്‍ശയ്‌ക്കെതിരെ ഐ.പി.എസ് തലത്തില്‍ പ്രതിഷേധം വ്യാപകമാകുന്നുണ്ട്.

ഏറ്റവും മുകളില്‍ ഡി.ജി.പിയെന്ന സംസ്ഥാന പൊലീസ് മേധാവിയാണ്. തൊട്ടുതാഴെ ഉത്തര, ദക്ഷിണ മേഖലകളില്‍ ഏഴ് ജില്ലകളുടെ വീതം ചുമതലയുള്ള എ.ഡി.ജി.പിമാര്‍ അതുകഴിഞ്ഞാല്‍ തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കണ്ണൂര്‍ റേഞ്ചുകളില്‍ ഐ.ജിമാര്‍. ഇതായിരുന്നു സംസ്ഥാന പൊലീസിന്റെ ഉയര്‍ന്ന തലത്തിലെ ഘടന. ഈ ഘടനയക്ക് പൂര്‍ണമായ മാറ്റം വരാനാണ് ആലോചന.

കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തരമന്ത്രിയായിരിക്കെ പൂര്‍ണതോതില്‍ നടപ്പിലാക്കിയ ഈ ഘടനയില്‍ മാറ്റം വരുത്തണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്കിയ കരട് റിപ്പോര്‍ട്ടില്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ശുപാര്‍ശ ചെയ്യുന്നത്. ഉത്തര, ദക്ഷിണ മേഖലകളുടെ തലപ്പത്ത് നിന്ന് എ.ഡി.ജി.പിമാരെ ഒഴിവാക്കി പകരം ഐ.ജിമാരെ നിയോഗിക്കും.

രണ്ട് മേഖലകളില്‍ നിന്നും എ.ഡി.ജി.പിമാരെ ഒഴിവാക്കുമ്പോള്‍ ഒരു എ.ഡി.ജി.പിക്ക് സംസ്ഥാന ക്രമസമാധാനപാലനത്തിന്റെ പൂര്‍ണ ചുമതല നല്കും. റേഞ്ചുകളില്‍ നിന്ന് ഐ.ജിമാരെ ഒഴിവാക്കി ഡി.ഐ.ജിമാര്‍ക്ക് അധികാരം നല്കും. കൂടാതെ മെട്രോസിറ്റിയായ കൊച്ചി കമ്മീഷണറുടെ പദവി ഐ.ജിയ്ക്കും തിരുവനന്തപുരത്തിന്റെ ചുമതല ഡി.ഐ.ജിക്കും നല്കണമെന്നും ശുപാര്‍ശയുണ്ട്. പൊലീസ് സേനയില്‍ കൂടുതല് യുവാക്കള്‍ക്ക് അധികാരം നല്കി ഊര്‍ജവും കാര്യക്ഷമതയും കൈവരിക്കാന്‍ ഈ മാറ്റം ഉപകരിക്കുമെന്നും ഡി.ജി.പി വിലയിരുത്തുന്നു.

Top