police detains three delegates from chennai film festival for not standing while national anthem played

ചെന്നൈ: രാജ്യാന്തര ചലച്ചിത്രോത്സവത്തിലും ദേശീയഗാനവിവാദം. സിനിമയ്ക്ക് മുമ്പ് ദേശീയഗാനം പ്രദര്‍ശിപ്പിച്ചപ്പോള്‍ എഴുന്നേറ്റ് നിന്നില്ലെന്നാരോപിച്ച് വൃദ്ധയും മലയാളി വിദ്യാര്‍ത്ഥിയുമുള്‍പ്പടെ മൂന്ന് പേരെ അവിടെയുണ്ടായിരുന്നവര്‍ മര്‍ദ്ദിച്ചു. തുടര്‍ന്ന് പൊലീസെത്തി എഴുന്നേറ്റ് നില്‍ക്കാതിരുന്ന മൂന്ന് പേരെയും കസ്റ്റഡിയിലെടുത്തു.

ചെന്നൈ വടപളനിയിലുള്ള ഫോറം മാളിലെ രാജ്യാന്തരചലച്ചിത്രോത്സവം നടക്കുന്ന വേദിയിലായിരുന്നു സംഭവം. ബള്‍ഗേറിയന്‍ സിനിമയായ ഗ്ലോറി തുടങ്ങുന്നതിന് മുന്‍പ് ദേശീയഗാനം പ്രദര്‍ശിപ്പിച്ചപ്പോള്‍ ഇരിക്കുകയായിരുന്ന ഒരു വൃദ്ധയോടും മകളോടും അടുത്തിരിയ്ക്കുന്ന ഒരു സംഘം ആളുകള്‍ എഴുന്നേറ്റ് നില്‍ക്കാനാവശ്യപ്പെട്ടു. എന്നാല്‍ ഇവര്‍ എഴുന്നേല്‍ക്കില്ലെന്ന നിലപാടെടുത്തതോടെ ചുറ്റുമുള്ളവര്‍ ബഹളം തുടങ്ങി.

ബലംപ്രയോഗിച്ച് രണ്ട് പേരെയും എഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചതോടെ തീയറ്ററില്‍ കയ്യാങ്കളിയായി. മറ്റൊരു നിരയില്‍ ഇരിയ്ക്കുകയായിരുന്ന ഒരു മലയാളി വിദ്യാര്‍ഥിയെയും തിയറ്ററിലുണ്ടായിരുന്ന സഹപ്രേക്ഷകര്‍ മര്‍ദ്ദിച്ചു.

നിയമ വിദ്യാര്‍ത്ഥിനിയായ ഷീല, 65കാരിയായ അമ്മ ശുഭശ്രീ, കോട്ടയം സ്വദേശി ബിജോണ്‍ എന്നിവരെ വടപളനി പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.

തിരുവനന്തപുരത്തെ രാജ്യാന്തര ചലച്ചിത്രോത്സവത്തിന് പിന്നാലെയാണ് ചെന്നൈ ചലച്ചിത്രോത്സവത്തിലും ദേശീയഗാനത്തിന്റെ പേരില്‍ വിവാദമുയരുന്നത്. ചെന്നൈ കാശി തീയറ്ററിലും ഇതിനു മുന്‍പ് ദേശീയഗാനത്തിന് എഴുന്നേറ്റ് നില്‍ക്കാതിരുന്നതിന് സംഘര്‍ഷമുണ്ടാവുകയും ഏഴ് പേരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.

Top