ഗവര്‍ണര്‍ക്കെതിരായ കരിങ്കൊടി പ്രതിഷേധം: 19 എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരെ തലസ്ഥാനത്ത് കരിങ്കൊടി വീശി പ്രതിഷേധിച്ച 19 എസ്.എഫ്.ഐ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് വൈകിട്ട് രാജ്ഭവനില്‍ നിന്ന് വിമാനത്താവളത്തിലേക്ക് പോയ ഗവര്‍ണര്‍ക്കെതിരെ മൂന്ന് സ്ഥലത്തായി കരിങ്കൊടി വീശി പ്രതിഷേധിച്ചവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പാളയത്ത് ഗവര്‍ണറുടെ വാഹനത്തില്‍ അടിച്ചടക്കം പ്രതിഷേധിച്ച് ഏഴ് പേരെയും തിരുവനന്തപുരം ജനറല്‍ ആശുപത്രിക്ക് സമീപത്ത് വച്ച് പ്രതിഷേധിച്ച ഏഴ് പേരെയും പേട്ടയില്‍ പ്രതിഷേധിച്ച അഞ്ച് പേരെയുമാണ് കസ്റ്റഡിയിലെടുത്തത്.

സര്‍വകലാശാലകളില്‍ സംഘപരിവാര്‍വത്കരണത്തിന് എതിരെ എസ്.എഫ്.ഐ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിനിടെ കാര്‍ നിര്‍ത്തി നടുറോഡിലിറങ്ങി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തിരുവനന്തപുരം പേട്ട പള്ളിമുക്കിലാണ് അസാധാരണ സംഭവങ്ങള്‍ നടന്നത്. തനിക്ക് മതിയായ സുരക്ഷയൊരുക്കിയില്ലെന്ന് സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ച ഗവര്‍ണര്‍, തന്നെ കായികമായി നേരിടാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തോടെയാണ് എസ്.എഫ്.ഐ ഗുണ്ടകള്‍ ഇറങ്ങിയതെന്നും പറഞ്ഞു.

തന്നെ കൈകാര്യം ചെയ്യാന്‍ മുഖ്യമന്ത്രി ഗൂഢാലോചന നടത്തുന്നുവെന്ന് ഗവര്‍ണര്‍ വിമര്‍ശിച്ചു. സംസ്ഥാനത്ത് ഗുണ്ടാ രാജാണ് നടക്കുന്നത്. തനിക്കെതിരെ പ്രതിഷേധിക്കുന്നത് ക്രിമിനലുകളാണ്. ക്രിമിനലുകള്‍ വാഹനത്തിന്റെ ചില്ലില്‍ വന്നിടിച്ചു. നാലുവര്‍ഷം മുമ്പ് കണ്ണൂരില്‍ വച്ചും ആക്രമിക്കാന്‍ ശ്രമം നടന്നു. ഗുണ്ടകള്‍ തിരുവനന്തപുരം നഗരം ഭരിക്കാന്‍ ശ്രമിക്കുന്നു. സമ്മര്‍ദ്ദത്തിന് വഴങ്ങാത്തത് കൊണ്ട് തനിക്കെതിരെ ഭീഷണിയാണോ പൊലീസിന് പ്രതിഷേധത്തെ കുറിച്ച് നേരത്തെ അറിയാമായിരുന്നു. മുഖ്യമന്ത്രിയുടെ കാറിന് മുന്നില്‍ ഇങ്ങനെ വരാനാകുമോ തലസ്ഥാനത്ത് ഗുണ്ടാ ഭരണമാണെന്ന് വിമര്‍ശിച്ച ഗവര്‍ണര്‍, ഇതാണോ തനിക്കുള്ള സുരക്ഷയെന്നും ചോദിച്ചു.

Top