ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കുറ്റകൃത്യങ്ങള്‍ ചെയ്യല്ലേ അഭ്യര്‍ത്ഥനയുമായി പൊലീസ്

വാഷിങ്ടണ്‍: ലോകം മുഴുവന്‍ ഇപ്പോള്‍ കൊറോണ ഭീതിയിലാണ്. 153 ഓളം രാജ്യങ്ങളിലാണ് രോഗം വ്യാപിച്ചിരിക്കുന്നത്. അമേരിക്കയിലും നൂറിലേറെ പേരുടെ ജീവന്‍ കൊറോണ കാര്‍ന്നെടുത്തു കഴിഞ്ഞു. ലോകത്തിലാകെ ഇതിനോടകം 8300ഓളം പേര്‍ കൊവിഡ് 19 രോഗം ബാധിച്ച് മരിച്ചിട്ടുണ്ട്. വൈറസിനെ പ്രതിരോധിക്കാന്‍ കിണഞ്ഞ് പരിശ്രമിക്കുകയാണ് എല്ലാ രാജ്യത്തെയും ഭരണകൂടവും ആരോഗ്യവകുപ്പും പൊലീസും മറ്റുളളവരും. രാപ്പകലില്ലാതെയാണ് ഓരോരുത്തരും തങ്ങളുടെ കര്‍ത്തവ്യം നിര്‍വ്വഹിക്കുന്നത്.

ആ കര്‍ത്തവ്യ നിര്‍വഹണത്തെ തടസ്സപ്പെടുത്തുന്ന എത്ര നിസ്സാര കാര്യമാണെങ്കില്‍ കൂടിയും അത് വലിയ ആഘാതമാണ് ഏല്‍പ്പിക്കുന്നത്. പൊലീസിന്റെ കാര്യം പിന്നെ പറയേണ്ടതില്ലല്ലോ. കൊറോണയെ തുരത്താന്‍ നടക്കുമ്പോഴും സമൂഹത്തിന്റെ ക്രമസാമാധാന പാലനവും അവരുടെ കയ്യിലാണല്ലോ. ഈ സമയത്ത് പൊലീസിനെ കുഴപ്പത്തിലാക്കി കൊണ്ട് കുറ്റകൃത്യങ്ങളുടെ എണ്ണം കൂടിയാലോ.

അത് മുന്നില്‍ക്കണ്ടാണ് യു.എസിലെ വിവിധ പൊലീസ് ഏജന്‍സികള്‍ രസകരമായ അഭ്യര്‍ഥനകളുമായി രംഗത്തെത്തിയിരിക്കുന്നത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ എല്ലാ കുറ്റകൃത്യങ്ങളും അവസാനിപ്പിക്കണമെന്നായിരുന്നു സാള്‍ട്ട് ലേക്ക് സിറ്റി പൊലീസിന്റെ അഭ്യര്‍ഥന.

കുറ്റകൃത്യങ്ങള്‍ താത്കാലികമായി നിര്‍ത്തിവെക്കുന്നതിനും തങ്ങളോട് സഹകരിക്കുന്നതിനും എല്ലാവരെയും മുന്‍കൂറായി അഭിനന്ദിക്കുകയും നന്ദി അറിയിക്കുകയും ചെയ്യുകയാണെന്നും പൊലീസ് ട്വിറ്ററില്‍ കുറിച്ചു.

ഓഹിയോ, വിസ്‌കോന്‍സിന്‍, കെന്റുകി, വാഷിങ്ടണ്‍ തുടങ്ങിയ മേഖലകളിലെ പൊലീസ് വിഭാഗങ്ങളാണ് സാമൂഹിക മാധ്യമങ്ങളിലൂടെ കുറ്റവാളികളോട് ഈ രസകരമായ അഭ്യര്‍ത്ഥന നടത്തിയിരിക്കുന്നത്.

police-departments in-usa, halt-criminal-activities,corona-virus-season-1, covid 19

Top