ഡല്‍ഹി കൂട്ടആത്മഹത്യ; മരിച്ച യുവതിയുടെ പ്രതിശ്രുത വരനെ ചോദ്യം ചെയ്തു

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ബുരാരിയില്‍ ഒരു കുടുംബത്തിലെ 11 പേര്‍ കൂട്ട ആത്മഹത്യ ചെയ്ത സംഭവത്തില്‍ മരിച്ചവരില്‍ ഉള്‍പ്പെട്ട യുവതിയുടെ പ്രതിശ്രുത വരനെ ചോദ്യം ചെയ്തു.

മുപ്പത്തിമൂന്നുകാരിയായ പ്രിയങ്ക ഭാട്ടിയയുടെ പ്രതിശ്രുത വരനെയാണ് പൊലീസ് ചോദ്യം ചെയ്തത്. എന്നാല്‍ കുടുംബം ഇത്തരം ആചാരങ്ങള്‍ക്ക് അടിമപ്പെട്ടിരുന്നുവെന്ന കാര്യത്തെ കുറിച്ച് തനിക്ക് അറിവില്ലായിരുന്നുവെന്നാണ് യുവാവ് പറഞ്ഞത്.

മൂന്നുമണിക്കൂറോളം ചോദ്യം ചെയ്‌തെങ്കിലും സംശയിക്കത്തക്കതായ ഒന്നും യുവാവില്‍ നിന്ന് ലഭിച്ചില്ലെന്ന് പൊലീസും വ്യക്തമാക്കി. പ്രിയങ്ക ഭാട്ടിയയ്ക്ക് മംഗല്യ ദോഷം ഉണ്ടായിരുന്നതിനാലാണ് വിവാഹം നീണ്ടു പോയതെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. കഴിഞ്ഞ മാസം വിവാഹ നിശ്ചയം കഴിഞ്ഞ പ്രിയങ്ക ഈ വര്‍ഷം അവസാനത്തോടെ വിവാഹിതയാകാനാണ് തീരുമാനിച്ചിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഇതിനോടകം തന്നെ ഇരുനൂറോളം പേരെ പൊലീസ് ചോദ്യം ചെയ്തു.

77കാരിയായ നാരായണ്‍ ദേവി, മക്കളായ ഭാവ്‌നേഷ് ഭാട്ടിയ(50), ലളിത് ഭാട്ടിയ (45), ഇരുവരുടെ ഭാര്യമാരായ സവിത (48), ടീന (42), നാരായണന്റെ മകള്‍ പ്രതിഭ (57), പേരക്കുട്ടികളായ പ്രിയങ്ക (33), നീതു (25), മോനു (23), ധ്രുവ് (15), ശിവം (15) എന്നിവരാണ് ആത്മഹത്യ ചെയ്തത്.

Top