ജെഎന്‍യു സംഘര്‍ഷം: വിസിക്കെതിരെ പ്രതിഷേധം, അക്രമികളുടെ വാട്‌സാപ്പ് സന്ദേശങ്ങള്‍ പുറത്ത്

ന്യൂഡല്‍ഹി: ഇന്നലെ ജെഎന്‍യുവില്‍ലുണ്ടായ അക്രമങ്ങളില്‍ പൊലീസ് അന്വേഷണം പ്രഖ്യാപിച്ചു. ഇന്നലെ നടന്ന വ്യാപക അക്രമങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും അടക്കം നിരവധി പേര്‍ക്കാണ് പരിക്കേറ്റത്. പുറത്തുനിന്നെത്തിയ സംഘം ക്യാമ്പസിനകത്ത് കയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. എബിവിപി പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്നാണ് വിദ്യാര്‍ത്ഥി യൂണിയന്റെ പ്രതികരണം. എന്നാല്‍ അക്രമം തുടങ്ങിയത് സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളെന്നാണ് സര്‍വ്വകലാശാലയുടെ വിശദീകരണം. ക്യാമ്പസിലെ അക്രമം ദൗര്‍ഭാഗ്യകരമെന്നും ജെഎന്‍യു രജിസ്ട്രാര്‍ പറഞ്ഞു.

അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ വിസിക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് അധ്യാപകര്‍. സുരക്ഷയും സമാധാനവും ഉറപ്പാക്കാനായില്ലെങ്കില്‍ വൈസ് ചാന്‍സലര്‍ സ്ഥാനം ഒഴിയണമെന്ന് അധ്യാപകര്‍ ആവശ്യപ്പെട്ടു.

അതേസമയം രജിസ്ട്രാറെയും പ്രോക്ടറെയും മാനവ വിഭവ ശേഷി മന്ത്രാലയം വിളിപ്പിച്ചു. മന്ത്രാലയം സെക്രട്ടറിക്ക് മുന്നില്‍ ഇന്ന് ഹാജരാകാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇന്നലെ നടന്ന ആക്രമണത്തില്‍ അധ്യാപികയായ സുചിത്രാ സെന്നിന് ഗുരുതര പരിക്കേറ്റിരുന്നു. അതേസമയം പൊലീസ് ഗുണ്ടകളെ സഹായിക്കുകയാണെന്ന് അധ്യാപകര്‍ ആരോപിച്ചു. അധ്യാപകര്‍ നടത്തിയ പ്രതിഷേധ പരിപാടിക്കിടയിലായിരുന്നു സംഘടിത ആക്രമണം നടന്നത്.

വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റും എസ്എഫ്‌ഐ നേതാവുമായ ഐഷി ഘോഷിനും സര്‍വകലാശാലയിലെ സെന്റ ഓഫ് സ്റ്റഡി ഓഫ് റീജണല്‍ ഡെവലപ്‌മെന്റിലെ അധ്യാപിക പ്രൊഫ സുചിത്ര സെന്നിനും ഗുരുതരമായി പരിക്കേറ്റു. ഐഷിയെ ഡല്‍ഹിയിലെ എയിംസ് ആശുപത്രിയിലേക്ക് മാറ്റി. ഐഷിക്ക് തലയ്ക്ക് ആഴത്തില്‍ പരിക്കേറ്റിട്ടുണ്ട്. സബര്‍മതി ഹോസ്റ്റിലിനുള്ളിലും അക്രമി സംഘം കടന്നുകയറി ആക്രമണം നടത്തി. ഹോസ്റ്റല്‍ അടിച്ചുതകര്‍ത്തു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. മാരകായുധങ്ങളുമായാണ് ഇവര്‍ ആക്രമിച്ചത്. ആക്രമണത്തിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

പൗരത്വ ഭേദഗതി നിയമം അടക്കമുള്ള വിഷയങ്ങളില്‍ നാളുകളായി സര്‍വകലാശാലയില്‍ സമരം നടക്കുന്നുണ്ടായിരുന്നു. ഇന്ന് അധ്യാപകരും പ്രതിഷേധവുമായി രംഗത്തിറങ്ങിയതോടെ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. അതേസമയം ജെഎന്‍യുവില്‍ ഇന്നലെ നടന്ന അക്രമങ്ങള്‍ ആസൂത്രിതമെന്ന സംശയം ബലപ്പെടുത്തുന്ന വാട്‌സാപ്പ് സന്ദേശങ്ങള്‍ പുറത്തായി. യുണൈറ്റ് എഗൈന്‍സ്റ്റ് ലെഫ്റ്റ് എന്ന വാട്‌സാപ്പ് ഗ്രൂപ്പിലാണ് അക്രമം നടത്തുന്നതിനെക്കുറിച്ചും സാധ്യമായ വഴികളെക്കുറിച്ചുമുള്ള സന്ദേശങ്ങള്‍ ഉള്ളത്.

അക്രമികള്‍ക്ക് ജെഎന്‍യുവിലേക്ക് എത്താനുള്ള വഴികള്‍ സന്ദേശത്തില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. ജെഎന്‍യു പ്രധാന ഗേറ്റില്‍ സംഘര്‍ഷം ഉണ്ടാക്കേണ്ടതിനെ കുറിച്ചും പറയുന്നു. ക്യാമ്പസിലെ പൊലീസ് സാന്നിധ്യം അന്വേഷിക്കുകയും ചെയ്യുന്നുണ്ട് സന്ദേശങ്ങളില്‍. അക്രമത്തിന് പിന്നില്‍ പുറത്തുനിന്നുള്ള എബിവിപി, ബിജെപി പ്രവര്‍ത്തകരാണെന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം. മുഖം മൂടി ധരിച്ച് ആക്രമണം നടത്തിയ സംഘത്തില്‍ വനിതകളും ഉണ്ടായിരുന്നു.

Top