ഊരാളുങ്കലിന് പൊലീസ് ഡേറ്റാ ബേസ് നല്‍കുന്നതിനെതിരെ പ്രതിപക്ഷം

തിരുവനന്തപുരം: പൊലീസ് ഡേറ്റാ ബേസ് ഊരാളുങ്കലിന് നല്‍കാനുള്ള തീരുമാനത്തിനെതിരെ പ്രതിപക്ഷം.അതീവ സുരക്ഷാ വിവരങ്ങള്‍ കൈമാറുന്നത് സുരക്ഷാ വീഴ്ചയാണെന്നും സഭ നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് കെ.എസ് ശബരീനാഥനാണ് നോട്ടീസ് നല്‍കിയത്.

എന്നാല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചാല്‍ അഴിമതി കുറയുമെന്നും ഒരു ഡാറ്റാ ബേസിന്റെയും ഉടമസ്ഥത ഊരാളുങ്കലിന് നല്‍കേണ്ടതില്ലെന്നും മുഖ്യമന്ത്രി മറുപടി പറഞ്ഞു. സുരക്ഷ ഓഡിറ്റിംഗ് നടത്തിയതിന് ശേഷമേ ഇക്കാര്യത്തില്‍ തുടര്‍നടപടിയുണ്ടാവുകയുള്ളൂവെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.

കഴിഞ്ഞ ഒക്ടോബര്‍ 29നാണ് ഇതുസംബന്ധിച്ചുള്ള ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയുടെ ഉത്തരവ് പുറത്തിറങ്ങിയത്. ഒക്ടോബര്‍ 25നാണ് ഊരാളുങ്കല്‍ സൊസൈറ്റി അപേക്ഷ നല്‍കിയത്. പാസ്‌പോര്‍ട്ട് പരിശോധനക്കുള്ള ആപ് നിര്‍മ്മിക്കുന്നത് സംബന്ധിച്ച് കൊച്ചിയിലെ സാധ്യതാ പഠനത്തിന് 35 ലക്ഷം നല്‍കാനായിരുന്നു ഡി.ജി.പിയുടെ ഉത്തരവ്. 20 ലക്ഷം രൂപ ഉടന്‍ നല്‍കാന്‍ കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ഡി.ജി.പി നിര്‍ദ്ദേശം നല്‍കിയിരുന്നു.

Top