Police conduct massive search operation near Pathankot airbase

പത്താന്‍കോട്ട് : പഠാന്‍കോട്ട് വ്യോമസേനാ താവളത്തിനു സമീപമുള്ള ഗ്രാമങ്ങളില്‍ ഇനിയും ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന് പഞ്ചാബ് പൊലീസ് തിരച്ചില്‍ നടത്തി. പത്താന്‍കോട്ടിനുസമീപമുള്ള 28 ഗ്രാമങ്ങളിലാണ് തിരച്ചില്‍ നടത്തിയത്.

ഉന്നത റാങ്കിലുള്ള രണ്ടു പൊലീസുകാരടക്കം 300 പേരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. പ്രത്യേക പരിശീലനം ലഭിച്ച കമാന്‍ഡോകളും സംഘത്തിലുണ്ടായിരുന്നു. തിരച്ചില്‍ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. വ്യോമസേനാ താവളം സുരക്ഷിതമാണെന്നു പരിശോധനയ്ക്കുശേഷം ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.

വ്യോമസേനാ താവളത്തിനു സമീപമുള്ള ഗ്രാമങ്ങളില്‍ ഇനിയും ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്നും അവര്‍ വീണ്ടും ആക്രമണം നടത്തിയേക്കാമെന്നും ആഭ്യന്തര കാര്യങ്ങള്‍ക്കായുള്ള പാര്‍ലമെന്ററി സ്ഥിര സമിതിയാണ് മുന്നറിയിപ്പു നല്‍കിയത്.

പത്താന്‍കോട്ട് സന്ദര്‍ശിച്ച കമ്മിറ്റി അംഗങ്ങളോടു ഗ്രാമീണരാണ് ഈ വിവരം പറഞ്ഞതെന്നും ചെയര്‍മാന്‍ പി.ഭട്ടാചാര്യ പറഞ്ഞിരുന്നു.

Top