Police complaint authority letter to DGP

കൊച്ചി: കൊച്ചിയിലെ കസ്റ്റഡി മര്‍ദ്ദനം സംബന്ധിച്ച് ഡിജിപിക്ക് പോലീസ് കംപ്ലെയിന്റ് അതോറിറ്റിയുടെ കത്ത്. ജനങ്ങള്‍ക്കെതിരെ അക്രമം കാണിക്കാനുള്ള ലൈസന്‍സായി കാക്കിയെ കാണരുതെന്ന് ജസ്റ്റിസ് നാരായണക്കുറുപ്പ് അയച്ച കത്തില്‍ പറയുന്നു.

2014 ബാച്ചുകാര്‍ ക്രൂരതയ്ക്ക് പേരുകേട്ടവരാണ്. ഇത്തരം പോലീസുകാര്‍ സേനയ്ക്ക് അപമാനമാണ്. ഇവരെ ഉടന്‍ സസ്‌പെന്‍ഡ് ചെയ്യണമെന്നും അതോറിറ്റി ഡിജിപിക്കയച്ച കത്തില്‍ പറയുന്നു.

കഴിഞ്ഞദിവസമാണ് പ്രകൃതിവിരുദ്ധ പീഡനമാരോപിച്ച് ഹാര്‍ബര്‍ പോലീസ് ഇടക്കൊച്ചി കേളകത്ത് കെ.എസ്. സുരേഷ് എന്ന സ്‌കൂള്‍ ബസ് ഡ്രൈവറെ അറസ്റ്റ് ചെയ്തത്. സ്‌റ്റേഷനില്‍ ക്രൂരമര്‍ദ്ദനത്തിനിരയായ സുരേഷിനെ നട്ടെല്ലിന് ക്ഷതമേറ്റ് എഴുന്നേറ്റ് നില്‍ക്കാനാവാത്ത അവസ്ഥയില്‍ എറണാകുളം ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്‌കൂള്‍ ബസ്സില്‍ ഡ്രൈവറായ സുരേഷ് ആറു വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന് കള്ളക്കേസുണ്ടാക്കിയാണ് ഇയാളെ അറസ്റ്റ് ചെയ്ത് പീഡിപ്പിച്ചതെന്ന് വ്യക്തമായിട്ടുണ്ട്.

കുട്ടിയുടെ പിതാവും സുരേഷും തമ്മിലുള്ള ചില തര്‍ക്കങ്ങളുടെ തുടര്‍ച്ചയാണ് പോലീസിന്റെ നടപടിയെന്നാണ് അന്വേഷണത്തില്‍ തെളിയുന്നത്. കുട്ടിയുടെ പിതാവിന്റെ അടുത്ത സുഹൃത്തായ പോലീസുകാരന്റെ താത്പര്യപ്രകാരമാണ് അറസ്റ്റ് നാടകം നടത്തിയതെന്നും വ്യക്തമായിട്ടുണ്ട്. സുരേഷിന്റെ വീട്ടുകാരുടെ പരാതിയില്‍ പോലീസ് കംപ്ലെയിന്റ്‌സ് അതോറിട്ടി ചെയര്‍മാന്‍ ജസ്റ്റിസ് നാരായണക്കുറുപ്പ് ആസ്പത്രിയിലെത്തി തെളിവെടുത്തിരുന്നു.

എസ്.ഐ.മാരായ ജോസഫ് സോജന്‍, പ്രകാശന്‍, കുട്ടിയുടെ പിതാവിന്റെ സുഹൃത്തായ പോലീസ് ഉദ്യോഗസ്ഥന്‍ രാജീവന്‍ എന്നിവരാണ് മര്‍ദിച്ചത്. വിവരമറിഞ്ഞ് സുരേഷിന്റെ ഭാര്യ മിനി സ്റ്റേഷനിലെത്തുമ്പോള്‍ ഇടികൊണ്ട് മുട്ടിലിഴയുന്ന സ്ഥിതിയിലായിരുന്നു സുരേഷ്. ഇവര്‍ കരഞ്ഞ് ബഹളം വെച്ചതിനെ തുടര്‍ന്നാണ് പോലീസ് ഇയാളെ ആസ്പത്രിയിലേക്ക് മാറ്റുകയായിരുന്നു.

സുരേഷ് കഠിനമായ പീഡനങ്ങള്‍ക്ക് ഇരയായിട്ടുണ്ടെന്ന് ആസ്പത്രി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. സുരേഷിന്റെ ബന്ധുക്കളുടെ പരാതിയില്‍ മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മിഷണര്‍ അനിരുദ്ധന്‍ ആശുപത്രിയിലെത്തി തെളിവെടുത്തു. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ഉടന്‍ സിറ്റി പോലീസ് കമ്മിഷണര്‍ക്ക് കൈമാറുമെന്ന് അസിസ്റ്റന്റ് കമ്മിഷണര്‍ പറഞ്ഞു.

Top